Times Kerala

അരിവാളുമായി സ്കൂളിലെത്തിയ ചേട്ടൻ അധ്യാപകനായ അനിയനെ  വെട്ടിപ്പരിക്കേൽപ്പിച്ചു; രക്ഷിക്കാൻ ശ്രമിച്ച വിദ്യാർത്ഥികൾക്കും പരിക്ക്

 
crime
ചെന്നൈ: സർക്കാർ സ്കൂളിലെ അധ്യാപകനായ സഹോദരനെയും വിദ്യാർത്ഥികളെയും അരിവാളുകൊണ്ട് വെട്ടിപ്പരിക്കേൽപ്പിച്ച മധ്യവയസ്കൻ പിടിയിൽ. അധ്യാപകനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് മൂന്ന് വിദ്യാർത്ഥികൾക്ക് പരിക്കേറ്റത്. തമിഴ്നാട്ടിലെ വില്ലുപുരത്ത് ബുധനാഴ്ച ഉച്ചയ്ക്കാണ് സംഭവം നടന്നത്. വെട്ടിയയാളും വെട്ടേറ്റയാളും സഹോദരങ്ങളാണെന്നും ഇരുവർക്കും ഇടയില്‍ നിലനിന്ന സ്വത്തുതര്‍ക്കമാണ് അക്രമത്തിലേക്ക് നയിച്ചതെന്നും പൊലീസ് പറഞ്ഞു. അരയാളൂർ ജില്ലയിലെ ഉദയര്‍പാളയം സ്വദേശിയായ പി നടരാജൻ (42) വില്ലുപുരത്തിന് സമീപം കൊളിയാനൂർ സർക്കാർ ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപകനാണ്. ഉച്ചഭക്ഷണ സമയത്ത് സ്കൂളിൽ നിന്ന് പുറത്തേക്കിറങ്ങുന്നതിനിടെ അവിടെ ഒളിച്ചുനിന്ന സഹോദരൻ പി സ്റ്റാലിൻ (52) അരിവാളുമായി ചാടിവീഴുകയായിരുന്നു. ആക്രമണത്തിൽ നിന്ന് രക്ഷപ്പെടാൻ നടരാജൻ സ്കൂളിനുള്ളിലേക്ക് കയറുകയും ഇതുകണ്ട വിദ്യാര്‍ത്ഥികൾ അക്രമിയെ തടയാനും നടരാജനെ രക്ഷിക്കാൻ  ശ്രമിക്കുകയും ചെയ്തു. എന്നാൽ സ്റ്റാലിൻ അവർക്ക് നേരെ അരിവാൾ വീശിയതിനെ തുടർന്ന്  മൂന്നു വിദ്യാര്‍ത്ഥികൾക്ക് പരിക്കേറ്റു. അക്രമത്തിനൊടുവിൽ വിദ്യാർത്ഥികൾ സ്റ്റാലിനെ കീഴടക്കിയെന്ന് പോലീസ് പറഞ്ഞു. ” കർഷകനായ സ്റ്റാലിൻ തന്റെ വരുമാനത്തിൽ നിന്നും മിച്ചം പിടിത്ത തുക ഉപയോഗിച്ചാണ് നടരാജനെ പഠിപ്പിച്ചത്. എന്നാൽ അധ്യാപകനായി ജോലി ലഭിച്ചശേഷം നടരാജൻ സ്റ്റാലിന് ചെലവിനായി പണം നൽകിയിരുന്നില്ല. ഒരാഴ്ച മുൻപ് പിതാവ് പനീർശെൽവം മരിച്ചതോടെ മക്കൾക്കിടയിൽ സ്വത്ത് വീതംവയ്പ്പിനെ ചൊല്ലി തര്‍ക്കമുണ്ടായി”- പൊലീസ് പറഞ്ഞു. സ്വത്ത് തുല്യമായി പങ്കുവെക്കണമെന്ന നടരാജന്റെ ആവശ്യമാണ് സ്റ്റാലിനെ പ്രകോപിപ്പിച്ചതെന്നും പൊലീസ് കൂട്ടിച്ചേർത്തു. പരിക്കേറ്റ നടരാജനെയും വിദ്യാർത്ഥികളെയും വില്ലുപുരത്തെ ഗവ. ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കെയാണ്. 

Related Topics

Share this story