സൈക്കിൾ യാത്രക്കിടെ അക്രമികള്‍ ഷാളില്‍ പിടിച്ചു വലിച്ചു, ബൈക്ക് കയറി 17കാരിക്ക് ദാരുണാന്ത്യം

ലക്‌നൗ: അക്രമികള്‍ ഷാള്‍ പിടിച്ചുവലിച്ചതിന് പിന്നാലെ റോഡില്‍ വീണ 17കാരി ബൈക്ക് കയറി മരിച്ചു. യുപിയിലെ അംബേദ്ക്കര്‍ നഗറില്‍ ശനിയാഴ്ച ഉച്ചകഴിഞ്ഞാണ് സംഭവം നടന്നത്. സൈക്കിളില്‍ വീട്ടിലേക്ക് പോകുകയായിരുന്ന പെണ്‍കുട്ടിയെ അക്രമികള്‍ ശല്യം ചെയ്യുകയും ഷാള്‍ പിടിച്ച് വലിക്കുകയുമായിരുന്നു.

റോഡിലേക്ക് വീണ പെണ്‍കുട്ടിയുടെ മേൽ അക്രമികളിലൊരാളുടെ ബൈക്ക് പാഞ്ഞുകയറുകയായിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്. പെണ്‍കുട്ടിയെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
പെണ്‍കുട്ടിയെ മൂന്നു പേര്‍ ചേര്‍ന്നാണ് ശല്യം ചെയ്തതെന്ന് പിതാവ് നല്‍കിയ പരാതിയിൽ പറയുന്നു. ഷാനവാസ്, അര്‍ബാസ്, ഫൈസല്‍ എന്നിവരാണ് പെണ്‍കുട്ടിയെ ശല്യം ചെയ്തതെന്നാണ് സൂചന. ഫൈസലാണ് പെണ്‍കുട്ടിയുടെ ശരീരത്തില്‍ ബൈക്ക് ഓടിച്ചു കയറ്റിയതെന്നും പരാതിയിൽ പറയുന്നു. സംഭവത്തിൽ കേസെടുത്തിട്ടുണ്ടെന്നും പ്രതികളെ ഉടൻ പിടികൂടുമെന്നും പോലീസ് പറഞ്ഞു.