Times Kerala

 ഈ വർഷം100 പാലങ്ങളുടെ പ്രവൃത്തി പൂർത്തീകരിക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്

 
സംസ്ഥാനത്തെ 50 ഓളം പാലങ്ങൾ സൗന്ദര്യവത്കരിക്കുന്ന പദ്ധതി 2023ൽ നടപ്പിലാക്കും - മന്ത്രി മുഹമ്മദ്‌ റിയാസ്
 

2024 അവസാനത്തോടെ സംസ്ഥാനത്ത് 100 പാലങ്ങളുടെ പ്രവൃത്തി പൂർത്തീകരിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. പുനർനിർമ്മിച്ച ഉരുട്ടി പാലത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

അഞ്ചുവർഷംകൊണ്ട് 100 പാലങ്ങളുടെ പ്രവൃത്തി പൂർത്തീകരിക്കുക എന്ന ലക്ഷ്യം മൂന്നു വർഷ കാലയളവിൽ തന്നെ സാധ്യമാവും. സംസ്ഥാനത്ത് പണി പൂർത്തിയായ 85 മത് പാലമാണ് ഉരുട്ടി പാലമെന്ന് മന്ത്രി പറഞ്ഞു. ഏഴര വർഷക്കാലയളവിൽ പശ്ചാത്തല വികസന മേഖലയിൽ സംസ്ഥാനത്ത് വലിയ മാറ്റം സാധ്യമായി. നിരവധി അടിസ്ഥാന സൗകര്യ വികസനങ്ങളാണ് നാദാപുരം മണ്ഡലത്തിൽ സർക്കാർ നടപ്പാക്കിവരുന്നത്. ഈ സർക്കാർ അധികാരത്തിൽ വന്നതിനു ശേഷം ഒമ്പത് റോഡുകൾ ബിഎം ആൻഡ് ബിസി നിലവാരത്തിലേക്ക് ഉയർത്തി. 40 കിലോമീറ്ററോളം റോഡുകൾ 20 കോടി ചെലവിൽ നാദാപുരം മണ്ഡലത്തിൽ മാത്രം ഈ കാലയളവിൽ പൂർത്തീകരിച്ചതായും മന്ത്രി പറഞ്ഞു.

നാദാപുരം മണ്ഡലത്തിൽ ഉൾപ്പെട്ട പിഡബ്ല്യുഡി റസ്റ്റ് ഹൗസിന്റെ നവീകരണവും മണ്ഡലത്തിലെ ടൂറിസ്റ്റ് സാധ്യതകളുള്ള സ്ഥലങ്ങൾ കോർത്തിണക്കിയ ടൂറിസം സർക്യൂട്ട് വികസിപ്പിക്കുന്നതും പരിഗണനയിലുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ഇ കെ വിജയൻ എം.എൽ.എ അധ്യക്ഷത വഹിച്ചു.

കല്ലാച്ചി-വിലങ്ങാട് റോഡിലെ ഉരുട്ടിപാലം 2019 ലെ പ്രളയത്തിലും ഉരുൾ പൊട്ടലിലുമാണ് തകർന്നത്. പിന്നീട് താത്ക്കാലിക സൗകര്യം ഒരുക്കിയെങ്കിലും ബസുകൾ ഉൾപ്പെടെ വലിയ വാഹനങ്ങൾ കടന്നു പോകാത്തതിനാൽ വലിയ യാത്രാ ക്ലേശമായിരുന്നു അഞ്ച് ആദിവാസി കോളനികൾ ഉൾപ്പെടെയുള്ള വിലങ്ങാട് മലയോര പ്രദേശവാസികൾ അനുഭവിച്ചത്. ഇതിനെല്ലാമാണ് പാലം യാഥാർത്ഥ്യമായതോടെ പരിഹാരമായത്. വാണിമേൽ പുഴയ്ക്ക് കുറുകെ 3.20 കോടി ചെലവഴിച്ച് പൊതുമരാമത്ത് വകുപ്പാണ് പാലം നിർമ്മിച്ചത്. കോൺക്രീറ്റ് അടിത്തറയ്ക്ക് മുകളിൽ 30 മീറ്റർ നീളമുള്ള സിംഗിൾ സ്പാനും ഇരുവശത്തും 7.50 മീറ്റർ നീളത്തിൽ കാൻ്റിലിവർ സ്‌പാനുകളും ഉൾപ്പെടെ 45 മീറ്റർ നീളത്തിലാണ് പാലം നിർമ്മിച്ചിരിക്കുന്നത്. കൂടാതെ 7.50 മീറ്റർ ക്യാരേജ് വേയും ഇരുവശത്തും 1.50 മീറ്റർ വീതിയിൽ നടപ്പാതയും ഉൾപ്പെടെ 11 മീറ്റർ വീതിയും പാലത്തിനുണ്ട്.

പാലത്തിൻ്റെ സമീപന റോഡിന് കല്ലാച്ചി ഭാഗത്ത് 60 മീറ്റർ നീളവും വിലങ്ങാട് ഭാഗത്ത് 95 മീറ്റർ നീളവും കൂടാതെ 36.50 മീറ്റർ സർവ്വീസ് റോഡും നിർമ്മിച്ചിട്ടുണ്ട്.

പൊതുമരാമത്ത് (പാലങ്ങൾ) അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ എൻ വി ഷിനി റിപ്പോർട്ട് അവതരിപ്പിച്ചു. തൂണേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ പി വനജ, വാണിമേൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി സുരയ്യ ടീച്ചർ, ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി സുരേന്ദ്രൻ, പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് സൽമ രാജു, ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ കെ ഇന്ദിര, ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷന്മാരായ എ ചന്ദ്ര ബാബു, ഫാത്തിമ കണ്ടിയിൽ മെമ്പർമാരായ പി ശാരദ, ജാൻസി, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ സംസാരിച്ചു. എക്സിക്യൂട്ടീവ് എഞ്ചിനീയർ സി എസ് അജിത്ത് സ്വാഗതവും അസിസ്റ്റന്റ് എൻജിനീയർ പി കെ രബീഷ് കുമാർ നന്ദിയും പറഞ്ഞു.

Related Topics

Share this story