

പത്തനംതിട്ട: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഉപദ്രവിച്ച കേസിലെ പ്രതിക്ക് സൈബർ സെൽ സി.ഐ ജാമ്യം നിന്നത് വിവാദമാകുന്നു. പത്തനംതിട്ട സൈബർ സെൽ സി.ഐ സുനിൽ കൃഷ്ണനാണ് തന്റെ അയൽവാസി കൂടിയായ പ്രതിക്ക് വേണ്ടി കോടതിയിൽ ഹാജരായത്. സംഭവം പോലീസ് രഹസ്യാന്വേഷണ വിഭാഗം (Intelligence) കണ്ടെത്തുകയും റിപ്പോർട്ട് നൽകുകയും ചെയ്തതോടെ സി.ഐ ജാമ്യത്തിൽ നിന്ന് പിന്മാറി.
കൊല്ലം കിളികൊല്ലൂർ സ്വദേശിയായ ശങ്കരൻകുട്ടിയാണ് കേസിലെ പ്രതി. 13 വയസ്സുകാരിയോട് അപമര്യാദയായി പെരുമാറിയതിനാണ് ഇയാൾക്കെതിരെ പോക്‌സോ നിയമപ്രകാരം കേസെടുത്തത്. ഈ കേസിൽ അറസ്റ്റിലായി 40 ദിവസത്തിലധികം ജയിലിൽ കഴിഞ്ഞ ശങ്കരൻകുട്ടിക്കായി കഴിഞ്ഞ മാസം 30-നാണ് സി.ഐ സുനിൽ കൃഷ്ണൻ ഉൾപ്പെടെയുള്ളവർ കോടതിയിലെത്തി ജാമ്യം നിന്നത്.
തന്റെ അയൽവാസിയായ ശങ്കരൻകുട്ടി തെറ്റ് ചെയ്തിട്ടില്ലെന്ന ബോധ്യത്തിലാണ് സഹായം നൽകിയതെന്നാണ് സുനിൽ കൃഷ്ണൻ നൽകുന്ന ന്യായീകരണം. ഒരു പോലീസ് ഉദ്യോഗസ്ഥൻ തന്നെ പോക്‌സോ കേസ് പ്രതിക്ക് ജാമ്യം നിന്നത് ഗുരുതരമായ വീഴ്ചയായാണ് വകുപ്പ് തലത്തിൽ വിലയിരുത്തുന്നത്. രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ട് നൽകിയതിന് പിന്നാലെ സി.ഐ ജാമ്യത്തിൽ നിന്ന് ഒഴിഞ്ഞു. സംഭവത്തിൽ സി.ഐക്കെതിരെ വകുപ്പുതല അന്വേഷണത്തിനും നടപടികൾക്കും സാധ്യതയുണ്ട്.