

തിരുവനന്തപുരം: കഴക്കൂട്ടം ടെക്നോപാർക്ക് ഫെയ്സ് ത്രീയിൽ പെയിന്റിംഗ് ജോലിക്കിടെ കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് ആസ്സാം സ്വദേശിയായ തൊഴിലാളി മരിച്ചു. ആസ്സാം കച്ചാർ സ്വദേശി കാജോൾ ഹുസൈൻ ലാസ്കർ (21) ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകുന്നേരമായിരുന്നു അപകടം.
കെട്ടിടത്തിന്റെ മുകൾഭാഗത്ത് നിന്ന് യന്ത്രമുപയോഗിച്ച് ഭിത്തി കഴുകുന്നതിനിടെയാണ് കാജോൾ താഴേക്ക് വീണത്. ഉടൻ തന്നെ ഒപ്പമുണ്ടായിരുന്ന തൊഴിലാളികൾ ചേർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. യന്ത്രം ഉപയോഗിക്കുന്നതിനിടെ ഷോക്കേറ്റതാണോ അതോ കാൽ തെറ്റി വീണതാണോ എന്ന കാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല. പോലീസ് സംഭവസ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
നിലവിൽ മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നടപടികൾക്ക് ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും. നിർമ്മാണ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർ ആവശ്യമായ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചിരുന്നോ എന്ന് അധികൃതർ പരിശോധിച്ചുവരികയാണ്.