

കോവളം: വീടിന് സമീപത്തെ ഓടയിൽ ഇറച്ചി മാലിന്യം തള്ളുന്നത് ചോദ്യം ചെയ്തതിന്റെ വൈരാഗ്യത്തിൽ ഓട്ടോ ഡ്രൈവറെ സംഘം ചേർന്ന് മർദ്ദിച്ച സംഭവത്തിൽ മൂന്ന് യുവാക്കൾ പിടിയിലായി. കമലേശ്വരം സ്വദേശി രാഹുൽ (26), പുത്തംപള്ളി സ്വദേശി ഷിഹാസ് (25), പാറവിള സ്വദേശി ഷാൻ (23) എന്നിവരെയാണ് തിരുവല്ലം പോലീസ് അറസ്റ്റ് ചെയ്തത്.
പാച്ചല്ലൂർ കോരിയമുടുമ്പിൽ സ്വദേശിയായ രതീഷിനാണ് മർദ്ദനമേറ്റത്. ബുധനാഴ്ച രാത്രി 9.30-ഓടെ ജോലി കഴിഞ്ഞ് ഓട്ടോയിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്ന രതീഷിനെ പ്രതികൾ തടഞ്ഞുനിർത്തി ആക്രമിക്കുകയായിരുന്നു. പ്രതികളുടെ മർദ്ദനത്തിൽ രതീഷിന്റെ കർണ്ണപുടത്തിന് ഗുരുതരമായി തകരാർ സംഭവിച്ചു.
നാട്ടുകാർ ഓടിക്കൂടുന്നത് കണ്ട പ്രതികൾ രതീഷിന്റെ കൈവശമുണ്ടായിരുന്ന മൊബൈൽ ഫോണും 2000 രൂപയും കവർന്നാണ് സ്ഥലത്തുനിന്ന് രക്ഷപ്പെട്ടത്. ദിവസങ്ങൾക്ക് മുൻപ് പ്രതികൾ ഓടയിൽ ഇറച്ചി മാലിന്യം തള്ളുന്നത് രതീഷ് നേരിൽ കാണുകയും അത് ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. ഇതിലുള്ള വിരോധമാണ് ആസൂത്രിതമായ ആക്രമണത്തിൽ കലാശിച്ചത്.
തിരുവല്ലം പോലീസ് കേസെടുത്ത് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്തു.