തിരുവനന്തപുരം: മാധ്യമപ്രവർത്തകനെ 'തീവ്രവാദി' എന്ന് വിളിച്ച് അധിക്ഷേപിച്ച എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ നിലപാടിനെതിരെ ഡിവൈഎഫ്ഐ (DYFI). വെള്ളാപ്പള്ളി നടേശൻ തന്റെ പരാമർശം പിൻവലിച്ച് മാപ്പുപറയണമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന ജോയിന്റ് സെക്രട്ടറി ഷിജു ഖാൻ ഫേസ്ബുക്കിലൂടെ ആവശ്യപ്പെട്ടു.
വ്യക്തികളുടെ പേര് നോക്കി അവരെ തീവ്രവാദികളായി മുദ്രകുത്തുന്നത് അംഗീകരിക്കാനാവില്ലെന്നും ഇത് അങ്ങേയറ്റം പ്രതിഷേധാർഹമാണെന്നും ഡിവൈഎഫ്ഐ വ്യക്തമാക്കി. അതേസമയം , വെള്ളാപ്പള്ളിയുടെ വർഗീയ പരാമർശങ്ങൾക്കെതിരെ യൂത്ത് കോൺഗ്രസ് കോഴിക്കോട് ജില്ലാ വൈസ് പ്രസിഡന്റ് എസ്. സുനന്ദ് ഡി.ജി.പിക്ക് പരാതി നൽകി. മലപ്പുറത്തെ മുസ്ലീങ്ങൾക്കെതിരെയും മാധ്യമപ്രവർത്തകർക്കെതിരെയും വെള്ളാപ്പള്ളി നടത്തിയ പരാമർശങ്ങൾ സമൂഹത്തിൽ വർഗീയ ചേരിതിരിവുണ്ടാക്കി കലാപം സൃഷ്ടിക്കാൻ ലക്ഷ്യമിട്ടുള്ളതാണെന്ന് പരാതിയിൽ ആരോപിക്കുന്നു.
കൊച്ചിയിൽ നടന്ന വാർത്താസമ്മേളനത്തിനിടെ ചോദ്യം ചോദിച്ച മാധ്യമപ്രവർത്തകന്റെ പേര് പരാമർശിച്ച് 'തീവ്രവാദി' എന്ന് വിളിച്ചതാണ് വലിയ വിവാദമായത്. ഇതിനുപിന്നാലെ മലപ്പുറം ജില്ലയെയും മുസ്ലീം ലീഗിനെയും ലക്ഷ്യമിട്ട് അദ്ദേഹം നടത്തിയ പ്രസ്താവനകളും രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ ചർച്ചയായിരുന്നു.
വെള്ളാപ്പള്ളിക്കെതിരെ കേസെടുക്കണമെന്ന ആവശ്യത്തിൽ പോലീസിന്റെ ഭാഗത്തുനിന്ന് നടപടി ഉണ്ടായില്ലെങ്കിൽ കോടതിയെ സമീപിക്കാനാണ് പരാതിക്കാരുടെ തീരുമാനം.