

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിലെ മുന്നേറ്റം നിയമസഭാ തിരഞ്ഞെടുപ്പിലും ആവർത്തിക്കാൻ ബിജെപി തയ്യാറെടുക്കുന്നു. പ്രധാന മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെ നിശ്ചയിക്കുന്നതിനായുള്ള ബിജെപി കോർ കമ്മിറ്റി യോഗം നാളെ ചേരും. ആദ്യഘട്ട സ്ഥാനാർത്ഥി പ്രഖ്യാപനം ഈ ആഴ്ച തന്നെ ഉണ്ടായേക്കും.
സാധ്യതാ പട്ടികയിലെ പ്രമുഖർ:
മണ്ഡലം- സ്ഥാനാർത്ഥി (സാധ്യത)
നേമം - രാജീവ് ചന്ദ്രശേഖർ (സംസ്ഥാന അധ്യക്ഷൻ)
കഴക്കൂട്ടം - വി. മുരളീധരൻ
വട്ടിയൂർക്കാവ് - ആർ. ശ്രീലേഖ
കാട്ടാക്കട - പി.കെ. കൃഷ്ണദാസ്
തിരുവനന്തപുരം സെൻട്രൽ - ജി. കൃഷ്ണകുമാർ
ചെങ്ങന്നൂർ - കുമ്മനം രാജശേഖരൻ
കായംകുളം - ശോഭ സുരേന്ദ്രൻ
പാലാ - ഷോൺ ജോർജ്
തിരുവല്ല - അനൂപ് ആന്റണി
കെ. സുരേന്ദ്രൻ മഞ്ചേശ്വരത്തോ പാലക്കാടോ മത്സരിക്കാനാണ് സാധ്യത കൽപ്പിക്കപ്പെടുന്നത്. നിയമസഭയിൽ അഞ്ച് മുതൽ ഏഴ് വരെ സീറ്റുകൾ നേടുക എന്ന ലക്ഷ്യത്തോടെയാണ് ബിജെപി ഇത്തവണ കളത്തിലിറങ്ങുന്നത്. തിരഞ്ഞെടുപ്പിന് മാസങ്ങൾക്ക് മുൻപേ മണ്ഡലങ്ങളിൽ സജീവമാകാനാണ് പാർട്ടി തീരുമാനം. ഇതിന്റെ ഭാഗമായി ഈ മാസം തന്നെ പ്രധാനമന്ത്രി നരേന്ദ്ര മോദി തിരുവനന്തപുരത്തെത്തും.
സ്ഥാനാർത്ഥി പട്ടികയിൽ യുവാക്കൾക്കും പുതുമുഖങ്ങൾക്കും അർഹമായ പരിഗണന നൽകാനാണ് ദേശീയ നേതൃത്വത്തിന്റെ നിർദ്ദേശം. നാളത്തെ യോഗത്തിന് ശേഷം പട്ടിക കേന്ദ്ര നേതൃത്വത്തിന്റെ അംഗീകാരത്തിനായി സമർപ്പിക്കും.