കോഴിക്കോട്: വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തബാധിതർക്കായി കോൺഗ്രസ് വാഗ്ദാനം ചെയ്ത 100 വീടുകൾ ഉടൻ യാഥാർത്ഥ്യമാകുമെന്ന് കെ. മുരളീധരൻ പറഞ്ഞു. സർക്കാരിന്റെ പുനരധിവാസ പ്രവർത്തനങ്ങളിലെ വീഴ്ചകളെയും അദ്ദേഹം കടുത്ത ഭാഷയിൽ വിമർശിച്ചു.(Will keep the promise of 100 houses, says K Muraleedharan)
വയനാട്ടിൽ വീടുപണിക്കായി സ്ഥലം രജിസ്റ്റർ ചെയ്ത് വാങ്ങിയിട്ടുണ്ട്. നിർമ്മാണം ഉടൻ തുടങ്ങും. സർക്കാർ വീടുകളുടെ പണി പൂർത്തിയാക്കാതെ ഉദ്ഘാടനം നടത്തുന്നത് ആളെപ്പറ്റിക്കലാണ്. ഏറ്റവും കൂടുതൽ ആളുകളെ പറ്റിച്ച വ്യക്തി മുഖ്യമന്ത്രി പിണറായി വിജയനാണെന്നും മുരളീധരൻ ആരോപിച്ചു.
ജനവിധി അട്ടിമറിക്കാൻ സർക്കാർ ശ്രമിക്കുകയാണ്. പേരാമ്പ്രയിലെ സ്ട്രോങ്ങ് റൂമിന് സമീപം ആളുകൾ എത്തിയത് തെറ്റായ നടപടിയാണ്. സ്ട്രോങ്ങ് റൂമിന് പരിസരത്ത് ആരും പോകേണ്ട ആവശ്യമില്ല എന്നും അദ്ദേഹം വ്യക്തമാക്കി. കാലിയായ ഖജനാവ് വെച്ചാണ് അലാവുദ്ദീന്റെ അത്ഭുത വിളക്ക് പോലെ കാര്യങ്ങൾ ചെയ്യേണ്ടതെന്ന് അദ്ദേഹം പരിഹസിച്ചു.
തലസ്ഥാനത്ത് പൈപ്പ് തുറന്നാൽ വെള്ളമില്ലാത്ത അവസ്ഥയാണ്. ഇതിൽ സിപിഎമ്മും ബിജെപിയും പരസ്പരം പഴിചാരി രക്ഷപ്പെടാൻ ശ്രമിക്കുന്നു. യുഡിഎഫ് അധികാരത്തിൽ വരുമ്പോൾ ശാശ്വത പരിഹാരം കാണുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

