ആതിരപ്പിള്ളിയിൽ കാട്ടാന ആക്രമണം; വനം വകുപ്പ് വാച്ചർ കൊല്ലപ്പെട്ടു
Sep 9, 2023, 22:19 IST

തൃശൂർ: കാട്ടാനയുടെ ആക്രമണത്തിൽ വനം വകുപ്പ് വാച്ചർ കൊല്ലപ്പെട്ടു. കൊല്ലതിരുമേട് ഫോസ്റ്റ് സ്റ്റേഷനിലെ വാച്ചറായ പെരിങ്ങൽക്കുത്ത് സ്വദേശി ഇരുമ്പൻ കുമാരൻ ആണ് ആനയുടെ ആക്രമണത്തിൽ മരിച്ചത്.
ഇന്ന് വൈകിട്ട് ആറിന് ആതിരപ്പിള്ളി പൊകലപ്പാറ മേഖലയിലാണ് കുമാരനെ കാട്ടാന ആക്രമിച്ചത്. വനം വകുപ്പ് സംഘം പച്ചിലവളം - കരടിപ്പാറ മേഖലയിൽ തെരച്ചിൽ നടത്തുന്നതിനിടെ കുമാരൻ കാട്ടാനയുടെ മുന്പിലകപ്പെടുകയായിരുന്നു.
കുമാരനെ ആന തുമ്പിക്കൈ ഉപയോഗിച്ച് എടുത്തുയർത്തിയ ശേഷം നിലത്തേക്ക് അടിച്ചുവെന്നാണ് അധികൃതർ അറിയിച്ചത്. അപകടത്തിന് പിന്നാലെ വനം വകുപ്പ് സംഘം എത്തി കുമാരന്റെ മൃതദേഹം കാട്ടിൽ നിന്ന് ചാലക്കുടിയിലെ ആശുപത്രിയിലേക്ക് മാറ്റി.
