

വർക്കല: തിരുവനന്തപുരം ജില്ലയിലെ വർക്കലയിൽ രണ്ടു ഓട്ടോ ഡ്രൈവർമാർക്ക് കുത്തേറ്റു. ഞായറാഴ്ച വൈകുന്നേരം മൂന്നരയോടെയാണ് പാപനാശത്തെ വിറപ്പിച്ച അക്രമം നടന്നത്. ആൽത്തറമൂട് ജങ്ഷനിലെ ഓട്ടോ ഡ്രൈവർമാരായ സന്ദീപ്, സുരേഷ് എന്നിവർക്കാണ് പരിക്കേറ്റത്. വക്കം സ്വദേശിയും യുകെ (UK) താമസക്കാരനുമായ സുരേഷാണ് അക്രമം നടത്തിയത്. ഇയാൾ ആൽത്തറമൂട് ജങ്ഷനിലെത്തി ഡ്രൈവർമാരുമായി വാക്കേറ്റത്തിൽ ഏർപ്പെടുകയായിരുന്നു.
വാക്കേറ്റത്തിനിടെ സുരേഷ് മാരകായുധം ഉപയോഗിച്ച് ഡ്രൈവർമാരെ കുത്തുകയായിരുന്നു. സന്ദീപിന്റെ മുതുകിലും മറ്റേ സുരേഷിന്റെ നെഞ്ചിലുമാണ് കുത്തേറ്റത്. പരിക്കേറ്റവരെ ഉടൻ തന്നെ വർക്കല താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. നില ഗുരുതരമായതിനാൽ പ്രാഥമിക ചികിത്സയ്ക്ക് ശേഷം ഇരുവരെയും കൊല്ലം പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
വിവരമറിഞ്ഞെത്തിയ വർക്കല പോലീസും ടൂറിസം പോലീസും ചേർന്നാണ് അക്രമിയെ കീഴ്പ്പെടുത്തിയത്. ഏറെ പണിപ്പെട്ടാണ് പോലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. അക്രമത്തിന് പിന്നിലെ കൃത്യമായ കാരണം വ്യക്തമല്ല. വിദേശത്ത് നിന്ന് നാട്ടിലെത്തിയ പ്രതി എന്തിനാണ് ഡ്രൈവർമാരുമായി തർക്കത്തിലേർപ്പെട്ടതെന്ന് വർക്കല പോലീസ് അന്വേഷിച്ചു വരികയാണ്.