

കണ്ണൂർ: ഒരു പരമാധികാര രാഷ്ട്രത്തിന്റെ ഭരണാധികാരിയെ മറ്റൊരു രാജ്യം അതിക്രമിച്ചു കയറി തടവിലാക്കുന്നത് അന്താരാഷ്ട്ര നീതിക്ക് നിരക്കാത്തതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. അമേരിക്കൻ സാമ്രാജ്യത്വ അധിനിവേശത്തിനെതിരെ ലോകമെമ്പാടും പ്രതിഷേധം ഉയരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഒരു രാജ്യത്തിന്റെ പ്രസിഡന്റിനെ ആ രാജ്യത്ത് പോയി ആക്രമിച്ചു പിടികൂടാൻ അമേരിക്കയ്ക്ക് എന്ത് അവകാശമാണുള്ളതെന്ന് മുഖ്യമന്ത്രി ചോദിച്ചു. ഓരോ രാജ്യത്തിന്റെയും അതിർത്തികൾ എവിടെയാണെന്ന ഗൗരവമായ ചോദ്യമാണ് ഇത് ഉയർത്തുന്നത്. അമേരിക്കയുടെ ഈ ജനാധിപത്യവിരുദ്ധ നടപടിയെ വിമർശിക്കാത്ത കേന്ദ്ര സർക്കാർ നിലപാടിനെ മുഖ്യമന്ത്രി കുറ്റപ്പെടുത്തി. പണ്ട് മൂന്നാം ലോക രാജ്യങ്ങൾക്കൊപ്പം നിന്ന് സാമ്രാജ്യത്വ വിരുദ്ധ നിലപാടെടുത്തിരുന്ന ഇന്ത്യ, ഇന്ന് അമേരിക്കൻ അധിനിവേശത്തിനെതിരെ ശബ്ദിക്കാൻ ഭയപ്പെടുകയാണെന്ന് അദ്ദേഹം പരിഹസിച്ചു.
മഡൂറോയെയും ഭാര്യയെയും ആസൂത്രിതമായി തട്ടിക്കൊണ്ടുപോയത് ഒരു വിധത്തിലും അംഗീകരിക്കാനാവില്ല. അമേരിക്കൻ താല്പര്യങ്ങൾക്ക് വിരുദ്ധമായി നിൽക്കുന്ന രാജ്യങ്ങളെ തകർക്കാനുള്ള നീക്കമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വെനസ്വേലയിലെ ഇടതുപക്ഷ ഭരണത്തെ അസ്ഥിരപ്പെടുത്താനുള്ള അമേരിക്കൻ ഗൂഢാലോചനയുടെ ഭാഗമാണ് ഈ സൈനിക നീക്കമെന്ന് സി.പി.ഐ(എം) നേരത്തെ നിലപാടെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ പരസ്യ പ്രതികരണം.