

അബുദാബി: അബുദാബിയിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ ഒരു കുടുംബത്തിലെ മൂന്ന് കുട്ടികളടക്കം നാല് മലയാളികൾ മരിച്ചു. ദുബായിൽ വ്യാപാരിയായ മലപ്പുറം കൊണ്ടോട്ടി പുളിയക്കോട് സ്വദേശി അബ്ദുൽ ലത്തീഫിന്റെ മക്കളായ അഷസ് (14), അമ്മാർ (12), അയാഷ് (5) എന്നിവരും, ഇവരുടെ വീട്ടിലെ സഹായിയായിരുന്ന ചമ്രവട്ടം സ്വദേശി ബുഷറയുമാണ് മരിച്ചത്.
അപകടത്തിൽ പരിക്കേറ്റ അബ്ദുൽ ലത്തീഫ്, ഭാര്യ, ഉമ്മ, മകൾ എന്നിവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവർ നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. അബുദാബി - ദുബായ് റോഡിൽ ഷഹാമക്ക് സമീപം വെച്ചായിരുന്നു അപകടം. അബുദാബിയിൽ നടന്ന ലിവാ ഫെസ്റ്റിവലിൽ പങ്കെടുത്ത ശേഷം ദുബായിലെ താമസസ്ഥലത്തേക്ക് മടങ്ങുകയായിരുന്നു കുടുംബം. ഇവർ സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽപ്പെടുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം.
നിലവിൽ മരിച്ചവരുടെ മൃതദേഹങ്ങൾ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുന്നു. ദാരുണമായ ഈ അപകടത്തിന്റെ നടുക്കത്തിലാണ് പ്രവാസി മലയാളി സമൂഹം.