സുൽത്താൻ ബത്തേരി: വിമർശനങ്ങൾ പാർട്ടിക്കുള്ളിൽ മതിയെന്ന് കോൺഗ്രസ്സ് നേതാവ് ശശി തരൂർ. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കോൺഗ്രസിനെ ശക്തിപ്പെടുത്തുന്നതിനായി സംഘടിപ്പിച്ച നേതൃക്യാമ്പിലാണ് ശശി തരൂർ തന്റെ അഭിപ്രായം പങ്കുവെച്ചത്. നേതാക്കൾക്കിടയിലെ അനൈക്യം പാർട്ടിയുടെ പ്രതിച്ഛായയെ ബാധിക്കരുതെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.
നേതാക്കൾക്കിടയിൽ സ്വാഭാവികമായും വ്യത്യസ്ത അഭിപ്രായങ്ങൾ ഉണ്ടാകാം. അവ ആരോഗ്യകരമായ രീതിയിൽ പാർട്ടിക്കുള്ളിൽ തന്നെ ചർച്ച ചെയ്യണം. പാർട്ടിയുടെ തീരുമാനങ്ങൾ പുറത്തെത്തുമ്പോൾ എല്ലാവരും ഒരേ സ്വരത്തിൽ സംസാരിക്കണം. ജനങ്ങൾക്കിടയിൽ ആശയക്കുഴപ്പമുണ്ടാക്കുന്ന തരത്തിലുള്ള പരസ്യപ്രതികരണങ്ങൾ ഒഴിവാക്കണം.
നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് ഘടകകക്ഷികൾ കൂടുതൽ സീറ്റുകൾ ആവശ്യപ്പെടുന്ന സാഹചര്യം ഗൗരവത്തോടെയും എന്നാൽ തർക്കങ്ങളില്ലാതെയും കൈകാര്യം ചെയ്യണം. സ്ഥാനാർത്ഥികളെ നേരത്തെ തന്നെ പ്രഖ്യാപിച്ച് പ്രചാരണ രംഗത്ത് മുന്നിലെത്താനാണ് കോൺഗ്രസ് തീരുമാനം. തർക്കങ്ങൾ പരിഹരിച്ച് ഐക്യത്തോടെ മുന്നോട്ടുപോകാൻ നേതാക്കൾക്ക് കെപിസിസി നേതൃത്വം കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. സീറ്റ് വിഭജന ചർച്ചകൾ വേഗത്തിലാക്കണമെന്ന അഭിപ്രായവും ക്യാമ്പിൽ ഉയർന്നു.