

തിരുവനന്തപുരം: മാധ്യമപ്രവർത്തകനെ തീവ്രവാദിയെന്ന് വിളിച്ചതും മുസ്ലിം ലീഗിനെതിരെ വിദ്വേഷ പരാമർശം നടത്തിയതുമായ വെള്ളാപ്പള്ളി നടേശന്റെ നടപടിയെ മന്ത്രി കെ.ബി. ഗണേഷ്‌കുമാർ രൂക്ഷമായി വിമർശിച്ചു. ആർക്കും ആരെയും തിരുത്താനാവില്ലെന്നും സ്വയം വകതിരിവ് കാണിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
"ജാതി ചോദിക്കരുത്, പറയരുത് എന്ന് മലയാളിയെ പഠിപ്പിച്ച മഹാഗുരു ഇരുന്ന കസേരയിലാണ് താൻ ഇരിക്കുന്നതെന്ന ബോധം
വെള്ളാപ്പള്ളിക്ക് വേണം." ലോകത്ത് ആരെയും ആർക്കും തിരുത്താനാകില്ല. അവനവൻ തന്നെ തിരിച്ചറിവ് കാണിക്കണം. ഇത്തരത്തിലുള്ള പരാമർശങ്ങൾ ആരുടെ ഭാഗത്തുനിന്നും ഉണ്ടാകാൻ പാടില്ലാത്തതാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
കഴിഞ്ഞ ദിവസങ്ങളിൽ വെള്ളാപ്പള്ളി നടേശൻ നടത്തിയ അധിക്ഷേപ പരാമർശങ്ങൾ വലിയ വിവാദമായിരുന്നു. മാധ്യമപ്രവർത്തകനെ വ്യക്തിപരമായി അധിക്ഷേപിച്ചതും രാഷ്ട്രീയമായ വിദ്വേഷം കലർന്ന പ്രസ്താവനകളും പൊതുസമൂഹത്തിൽ വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.
വെള്ളാപ്പള്ളിയുടെ പ്രസ്താവനകൾക്കെതിരെ സർക്കാരിലെ തന്നെ ഒരു മന്ത്രി നേരിട്ട് രംഗത്തെത്തിയത് രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.