'തൊഴിലാളിവർഗത്തെ ഒറ്റുകൊടുത്ത ഒറ്റുകാർ'; പുറത്താക്കലിന് പിന്നാലെ കുട്ടനാട് സിപിഎം വക പോസ്റ്റർ പ്രതിഷേധം
Sep 10, 2023, 06:55 IST

ആലപ്പുഴ: സിപിഎം വിട്ട് സിപിഐയിൽ ചേർന്നവർക്കെതിരെ കുട്ടനാട്ടിൽ പോസ്റ്റർ പ്രതിഷേധം. സിപിഐ പ്രവേശനത്തിന് നേതൃത്വം നൽകിയ നേതാക്കളെ സിപിഎം പുറത്താക്കിയതിന് പിന്നാലെയാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്.
സിപിഎം കുട്ടനാട് ഏരിയ കമ്മിറ്റി അംഗങ്ങളായിരുന്ന എ.എസ്. അജിത്ത്, ബി.കെ.കുഞ്ഞുമോൻ, മുൻ ഏരിയ കമ്മിറ്റി അംഗം എൻ.ഡി. ഉദയൻ എന്നിവരെ ജില്ലാ കമ്മിറ്റി പുറത്താക്കിയതിന് പിന്നാലെയാണ് അജിത്ത് അടക്കമുള്ളവർ തൊഴിലാളിവർഗത്തെ ഒറ്റുകൊടുത്ത ഒറ്റുകാർ ആണെന്ന തരത്തിലുള്ള പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്.

പാർട്ടിയിലെ വിഭാഗീയതയെ തുടർന്ന് 222 പേരാണ് ആലപ്പുഴ ജില്ലയിൽ സിപിഎം വിട്ട് സിപിഐയിൽ ചേർന്നത്. ഇവരിൽ 156 പേർക്ക് പൂർണ അംഗത്വവും ബാക്കിയുള്ളവർക്ക് കാൻഡിഡേറ്റ് അംഗത്വവും സിപിഐ നൽകിയിരുന്നു.