പാലാ യു.ഡി.എഫ് ഭരിക്കും; 21-കാരി ദിയ പുളിക്കകണ്ടം ചെയർപേഴ്‌സൺ | Pala Municipality

പാലാ യു.ഡി.എഫ് ഭരിക്കും; 21-കാരി ദിയ പുളിക്കകണ്ടം ചെയർപേഴ്‌സൺ | Pala Municipality
Updated on

പാലാ: ആര് ഭരിക്കുമെന്ന് പ്രവചനാതീതമായിരുന്ന പാലാ നഗരസഭയിൽ പുളിക്കകണ്ടം കുടുംബം നിലപാട് വ്യക്തമാക്കിയതോടെ യു.ഡി.എഫിന് ഭരണം ഉറപ്പായി. ആദ്യ ടേമിൽ ബിനു പുളിക്കകണ്ടത്തിന്റെ മകൾ ദിയ പുളിക്കകണ്ടം ചെയർപേഴ്‌സണാകും. കോൺഗ്രസ് വിമതയായി വിജയിച്ച മായ രാഹുൽ വൈസ് ചെയർപേഴ്‌സണാകാനും ധാരണയായി.

21 വയസ്സുകാരിയായ ദിയ പുളിക്കകണ്ടം ഈ പദവിയിലെത്തുന്നതോടെ ഇന്ത്യയിലെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ മുൻസിപ്പൽ ചെയർപേഴ്‌സൺ എന്ന റെക്കോർഡ് സ്വന്തമാക്കും. 26 അംഗ നഗരസഭയിൽ ബിനു പുളിക്കകണ്ടം, മകൾ ദിയ, സഹോദരൻ ബിജു പുളിക്കകണ്ടം എന്നിങ്ങനെ ഒരു കുടുംബത്തിലെ മൂന്ന് സ്വതന്ത്ര അംഗങ്ങളുടെ പിന്തുണയാണ് ഭരണമുറപ്പിക്കാൻ നിർണ്ണായകമായത്. ദിയയ്ക്ക് അധ്യക്ഷ പദവി വേണമെന്ന കുടുംബത്തിന്റെ ആവശ്യം യു.ഡി.എഫ് അംഗീകരിക്കുകയായിരുന്നു.

നഗരസഭയുടെ ചരിത്രത്തിൽ ആദ്യമായി കേരള കോൺഗ്രസ് (എം) പ്രതിപക്ഷ സ്ഥാനത്തേക്ക് മാറുന്നു എന്ന പ്രത്യേകതയും ഈ ഭരണമാറ്റത്തിനുണ്ട്. കേവലം രണ്ട് അംഗങ്ങളുടെ പിന്തുണ കൂടി ലഭിച്ചിരുന്നെങ്കിൽ എൽ.ഡി.എഫിന് ഭരണം നിലനിർത്താമായിരുന്നു. എന്നാൽ അവസാന നിമിഷം പുളിക്കകണ്ടം കുടുംബം യു.ഡി.എഫിനൊപ്പം ചേരാൻ തീരുമാനിച്ചത് ഇടത് മുന്നണിക്ക് വൻ തിരിച്ചടിയായി.

മൂന്ന് കൗൺസിലർമാരുള്ള പുളിക്കകണ്ടം കുടുംബത്തെ ഒപ്പം നിർത്താൻ എൽ.ഡി.എഫും യു.ഡി.എഫും അവസാന നിമിഷം വരെ ചർച്ചകൾ നടത്തിയിരുന്നു. പാലാ രാഷ്ട്രീയത്തിൽ ബിനു പുളിക്കകണ്ടത്തിനുണ്ടായ വ്യക്തിപരമായ സ്വാധീനവും കേരള കോൺഗ്രസ് (എം) മായുള്ള രാഷ്ട്രീയ വിയോജിപ്പുകളുമാണ് യു.ഡി.എഫ് അനുകൂല നിലപാടിലേക്ക് അവരെ എത്തിച്ചത്.

Related Stories

No stories found.
Times Kerala
timeskerala.com