തിരുവനന്തപുരം: കോർപ്പറേഷനിൽ ബിജെപിയുടെ മേയർ സ്ഥാനാർഥി നിർണ്ണയവുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന വിവാദങ്ങൾ തള്ളിക്കളഞ്ഞ് വി. മുരളീധരൻ. വി.വി. രാജേഷിനെ മേയർ സ്ഥാനാർഥിയാക്കുന്നതിൽ താൻ ഇടപെട്ടു എന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ വസ്തുതാവിരുദ്ധമാണെന്ന് അദ്ദേഹം വ്യക്തമാക്കി. സോഷ്യൽ മീഡിയയിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.(VV Rajesh was selected as the mayoral candidate by the party state leadership, V Muraleedharan says he did not interfere in the discussions)
സ്ഥാനാർഥി ചർച്ചകളിൽ താൻ ആരുടെയും പേര് നിർദ്ദേശിക്കുകയോ ആരെയും എതിർക്കുകയോ ചെയ്തിട്ടില്ലെന്ന് അദ്ദേഹം കുറിപ്പിൽ പറഞ്ഞു. വി.വി. രാജേഷിനെ മേയർ സ്ഥാനാർഥിയായി നിശ്ചയിച്ചത് പാർട്ടി സംസ്ഥാന നേതൃത്വമാണ്. എല്ലാ വശങ്ങളും പരിശോധിച്ച ശേഷമായിരിക്കും പാർട്ടി ഇത്തരമൊരു തീരുമാനത്തിൽ എത്തിയതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
തലസ്ഥാനത്ത് ബിജെപി അധികാരം ഉറപ്പിച്ചതോടെ പാർട്ടിവിരുദ്ധമായ വ്യാജവാർത്തകൾ ബോധപൂർവ്വം പ്രചരിപ്പിക്കപ്പെടുകയാണെന്ന് വി. മുരളീധരൻ ആരോപിച്ചു. മേയർ സ്ഥാനാർഥി വി.വി. രാജേഷിനും ഡെപ്യൂട്ടി മേയർ സ്ഥാനാർഥി ആശാ നാഥിനും ആശംസകൾ നേർന്നുകൊണ്ടാണ് അദ്ദേഹം തന്റെ കുറിപ്പ് അവസാനിപ്പിച്ചത്.