Times Kerala

വികസനത്തിനൊപ്പം പ്രകൃതിയെക്കൂടി പരിഗണിക്കുന്ന ദ്വിമുഖ സമീപനം വേണം - മുഖ്യമന്ത്രി പിണറായി വിജയൻ 

 
സംഘപരിവാറിനെപ്പോലെ കോൺഗ്രസിനും കേരള വിരോധം എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ
 

നമ്മുടെ സംസ്ഥാനം പിന്തുടരുന്നത് സുസ്ഥിര വികസന നയമാണെന്നും വ്യവസായങ്ങളും അടിസ്ഥാന സൗകര്യങ്ങളും വിപുലപ്പെടുത്തുന്നതിനൊപ്പം പ്രകൃതിയെക്കൂടി മുന്നിൽ കണ്ടുകൊണ്ടുള്ള ദ്വിമുഖ സമീപനമാണ് നാം സ്വീകരിക്കേണ്ടതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ ലോക പരിസ്ഥിതി ദിനാചരണം വെള്ളാറിലെ കേരള ആർട്ട്‌സ് ആന്റ് ക്രാഫ്റ്റ്‌സ് വില്ലേജിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

പരമ്പരാഗത മലിനീകരണ നിയന്ത്രണപ്രവർത്തനങ്ങൾക്കൊപ്പം ആധുനിക സങ്കേതങ്ങൾ കൂടി യോജിപ്പിച്ചു മുന്നേറാൻ നമുക്ക് കഴിയണം. കഴിഞ്ഞ അരനൂറ്റാണ്ട് കാലത്തെ പ്രവർത്തനം പരിശോധിച്ചാൽ ശ്രദ്ധേയമായ പല കാര്യങ്ങളും ചെയ്യാൻ മലിനീകരണ നിയന്ത്രണ ബോർഡിന് കഴിഞ്ഞിട്ടുണ്ട്. ഇത് അഭിമാനകരമായ കാര്യമാണ്. 21 നദികളുടെ മലിനീകരിക്കപ്പട്ട ഭാഗം പുനരുജ്ജീവിപ്പിക്കാൻ തയ്യാറാക്കിയ കർമ്മപദ്ധതി നടപ്പാക്കുന്നതിന് നേതൃത്വം നൽകുന്നത് മലിനീകരണ നിയന്ത്രണ ബോർഡാണ്. ഇതിൽ 11 നദികളുടെ ജലഗുണനിലവാരം മെച്ചപ്പെടുത്താൻ കഴിഞ്ഞു. അന്തരീക്ഷ മലിനീകരണം, ശബ്ദ മലിനീകരണം എന്നിവയെല്ലാം പരിശോധിക്കാനുള്ള സ്റ്റേഷനുകൾ സ്ഥാപിച്ചു. ആന്റി മൈക്രോബിയൽ സാന്നിധ്യം പരിശോധിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടത്തി. ജലസ്രോതസ്സുകളുടെ ഗുണനിലവാരം പ്രതിമാസ പരിശോധനയിലൂടെ ഉറപ്പാക്കി. ഇത്തരത്തിൽ മാതൃകാപരമായ പ്രവർത്തനങ്ങൾ ഏറ്റെടുക്കാൻ സ്ഥാപനത്തിന് കഴിഞ്ഞിട്ടുണ്ടെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭാഗമായി രൂക്ഷമായി ദുരിതങ്ങൾ ആവർത്തിക്കാനുള്ള സാധ്യത തള്ളിക്കളയാനാകില്ല. ഈ സാഹചര്യത്തിൽ പരിസ്ഥിതിയുടെ നിലനിൽപ്പിനും ജനങ്ങളുടെ ഉപജീവനമാർഗങ്ങൾ സംരക്ഷിച്ചുകൊണ്ടുള്ള വികസനത്തിനും ഊന്നൽ നൽകിക്കൊണ്ട് കാലാവസ്ഥാ വ്യതിയാനം ഉയർത്തുന്ന വെല്ലുവളികളെ നേരിടാനാണ് സർക്കാർ തീരുമാനിച്ചിട്ടുള്ളത്. അതിൽ മലിനീകരണ നിയന്ത്രണ ബോർഡ് പോലുള്ള സ്ഥാപനങ്ങൾക്ക് നൽകാനുള്ള സംഭാവന വലുതാണ്. ഹരിതഗൃഹവാതകങ്ങളുടെ നിർഗമനം ഗണ്യമായി കുറച്ചുകൊണ്ട് 2050 ഓടെ കാർബൺ ന്യൂട്രൽ കേരളം കൈവരിക്കാനാണ് നാം ശ്രമിക്കുന്നത്. ഇതിനുള്ള കർമ്മ പദ്ധതി തയ്യാറായി വരുകയാണ്. ക്രിയാത്മക ഇടപെടലുകളിലൂടെ കാർബൺ ന്യൂട്രൽ കേരളം എന്ന ലക്ഷ്യത്തിലേക്ക് എത്തിച്ചേരാനാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. മികച്ച മലിനീകരണ നിയന്ത്രണ സംവിധാനങ്ങൾ ഏർപ്പെടുത്തുകയും കാര്യക്ഷമമായി പ്രവർത്തിപ്പിക്കുകയും ചെയ്യുന്ന സ്ഥാപനങ്ങൾക്ക് മലിനീകരണ നിയന്ത്രണ ബോർഡ് എല്ലാ വർഷവും നൽകിവരുന്ന സംസ്ഥാന മലിനീകരണ നിയന്ത്രണ അവാർഡുകൾ ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയനും തദ്ദേശസ്വയംഭരണം, എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി. രാജേഷും വിതരണം ചെയ്തു. 

തദ്ദേശസ്വയംഭരണം, എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി. രാജേഷ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. മാലിന്യ മുക്തം നവകേരളം പ്രവർത്തനങ്ങൾ വിട്ടുവീഴ്ചയില്ലാതെ നടത്തണമെന്നും കൈവരിച്ച പുരോഗതി നിലനിർത്തി മുന്നോട്ടുപോകാനാവണമെന്നും മന്ത്രി പറഞ്ഞു. ബോർഡിന്റെ വാർത്താപത്രികയായ പരിസ്ഥിതി വാർത്തയുടെ പരിസ്ഥിതി ദിനപ്പതിപ്പിന്റെ പ്രകാശനം തിരുവനന്തപുരം കോർപ്പറേഷൻ മേയർ ആര്യ രാജേന്ദ്രൻ എസ് നിർവഹിച്ചു. ബോർഡിന്റെ ഇന്റഗ്രേറ്റഡ് വെബ്പോർട്ടലിന്റെ  ഉദ്ഘാടനവും ബോർഡ് തയ്യാറാക്കിയ ജല-വായു ഗുണനിലവാര ഡയറക്ടറിയുടെ പ്രകാശനവും തദ്ദേശ സ്വയംഭരണം, ആസൂത്രണം, സാമ്പത്തികകാര്യ വകുപ്പ്  അഡീഷണൽ ചീഫ് സെക്രട്ടറി ശാരദാ ജി മുരളീധരൻ നിർവഹിച്ചു. ലഘുപത്രികാപ്രകാശനം പരിസ്ഥിതി-വിവരസാങ്കേതിക വകുപ്പ് സെക്രട്ടറി ഡോ. രത്തൻ യൂ ഖേൽക്കർ നിർവഹിച്ചു.

കാര്യക്ഷമമായ മലിനീകരണ നിയന്ത്രണ സംവിധാനങ്ങൾ ഏർപ്പെടുത്തുന്നതിൽ സ്തുത്യർഹമായ മികവ് പുലർത്തിയ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, സർക്കാർ, സ്വകാര്യ ആരോഗ്യ പരിപാലന കേന്ദ്രങ്ങൾ, റീസൈക്ലിംഗ് യൂണിറ്റുകൾ എന്നീ വിഭാഗങ്ങളെയാണ് ഈ വർഷം അവാർഡിന് പരിഗണിച്ചത്. ജല-വായു മലിനീകരണ നിയന്ത്രണത്തിൽ കഴിഞ്ഞവർഷം കൈവരിച്ച നേട്ടങ്ങൾ, ഊർജ്ജ സംരക്ഷണത്തിനും ജല സംരക്ഷണത്തിനും നടപ്പിലാക്കിയ പദ്ധതികൾ, പരിസ്ഥിതി സംരക്ഷണത്തിൽ കൈവരിച്ച നേട്ടങ്ങൾ, സാമൂഹിക പ്രതിബദ്ധതയോടെ നടപ്പിലാക്കിയ പൊതുജനോപകാരപ്രദമായ പദ്ധതികൾ തുടങ്ങിയവയാണ് അവാർഡ് നിർണ്ണയത്തിൽ പരിഗണിച്ചത്.

മികച്ച തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ മുൻസിപ്പൽ കോർപ്പറേഷനുകളിൽ ഒന്നാം സ്ഥാനം കോഴിക്കോട് മുനിസിപ്പൽ കോർപ്പറേഷനും മുൻസിപ്പാലിറ്റികളിൽ ഒന്നാം സ്ഥാനം കണ്ണൂരിലെ ആന്തൂർ മുനിസിപ്പാലിറ്റിയും  രണ്ടാം സ്ഥാനം പെരിന്തൽമണ്ണ മുനിസിപ്പാലിറ്റിയും മൂന്നാം സ്ഥാനം മട്ടന്നൂർ മുനിസിപ്പാലിറ്റിയും കരസ്ഥമാക്കി. മികച്ച സർക്കാർ ആശുപത്രികളിൽ (250-499 കിടക്കകൾ ഉള്ളവ) എറണാകുളം ജനറൽ ഹോസ്പിറ്റൽ ഒന്നാം സ്ഥാനവും തിരുവനന്തപുരം തൈയ്ക്കാട് ഗവൺമെന്റ്‌റ് വിമൺ ആന്റ് ചിൽഡ്രൻസ് ഹോസ്പിറ്റൽ, പത്തനംതിട്ട ജനറൽ ആശുപത്രി  എന്നിവ യഥാക്രമം രണ്ടും മൂന്നും സ്ഥാനവും നേടി. സ്വകാര്യ ആശുപത്രികളിൽ (250-499 കിടക്കകൾ ഉള്ളവ) ഒന്നാംസ്ഥാനം കോഴിക്കോട് ബേബി മെമ്മോറിയൽ ഹോസ്പിറ്റലും രണ്ടാം സ്ഥാനം തൊടുപുഴ മുതലക്കോടം ഹോളി ഫാമിലി ഹോസ്പിറ്റലും മൂന്നാം സ്ഥാനം പത്തനംതിട്ട അടൂർ ലൈഫ് ലൈൻ മൾട്ടി സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലും കരസ്ഥമാക്കി. 500-ഉം അതിനു മുകളിലും കിടക്കകളുള്ള സ്വകാര്യ ആശുപത്രികളിൽ ഒന്നാംസ്ഥാനം പാല മാർസ്ലീവ മെഡിസിറ്റിയും രണ്ടാം സ്ഥാനം എറണാകുളം അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ആന്റ് റിസർച്ച് സെന്ററും മൂന്നാം സ്ഥാനം കോട്ടയം തെള്ളകം കാരിത്താസ് ഹോസ്പിറ്റലും നേടി. റീസൈക്ലിംഗ് യൂണിറ്റുകളിൽ ഒന്നാംസ്ഥാനം എറണാകുളം കോടനാട് ഹമാരാ പ്ലാസ്റ്റിക്സും രണ്ടാംസ്ഥാനം കോഴിക്കോട് മൂടാടി ഓറിയോൺ പോളിമർ കോമ്പോസിറ്റും മൂന്നാം സ്ഥാനം കഞ്ചിക്കോട് എപിജെ റിഫൈനറീസ് പ്രൈവറ്റ് ലിമിറ്റഡും കരസ്ഥമാക്കി. സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് ചെയർപേഴ്സൺ ശ്രീകല എസ് സ്വാഗതവും മെമ്പർ സെക്രട്ടറി ഡോ. ഷീല എ എം നന്ദിയും പറഞ്ഞു. രാവിലെ നടന്ന ശിൽപശാലയിൽ മാലിന്യസംസ്കരണ രംഗത്ത് മാതൃകാപരമായ പ്രവർത്തനങ്ങൾ നടപ്പാക്കിവരുന്ന തിരഞ്ഞെടുക്കപ്പെട്ട സ്ഥാപനങ്ങളുടെയും വിദ്യാഭാസ സ്ഥാപനങ്ങളുടെയും അവതരണങ്ങൾ നടന്നു.

Related Topics

Share this story