

തിരുവനന്തപുരം: പാലക്കാട് എം.എൽ.എ രാഹുൽ മാങ്കൂട്ടത്തിലിനെതിരായ പാർട്ടി നടപടി പിൻവലിക്കണമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് പി.ജെ. കുര്യൻ ആവശ്യപ്പെട്ടു. അച്ചടക്ക നടപടി പിൻവലിച്ചാൽ രാഹുലിന് നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് തടസ്സമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞദിവസം രാഹുലിനെതിരെ നടത്തിയ പരാമർശങ്ങളിൽ നിന്ന് മലക്കംമറിഞ്ഞാണ് കുര്യന്റെ പുതിയ പ്രതികരണം.
രാഹുൽ മാങ്കൂട്ടത്തിലിന്റെ കാര്യത്തിൽ ധാർമ്മികതയുടെ പ്രശ്നമില്ലെന്ന് അദ്ദേഹം പറഞ്ഞു. സി.പി.എമ്മിന് ഇല്ലാത്ത ധാർമ്മികത കോൺഗ്രസ് നേതാക്കളുടെ കാര്യത്തിൽ മാത്രം എന്തിനാണ് ചോദ്യം ചെയ്യുന്നതെന്നും അദ്ദേഹം ചോദിച്ചു. ആരോപണവിധേയരായ പല സി.പി.എം നേതാക്കളും പദവികളിൽ തുടരുന്നത് അദ്ദേഹം ചൂണ്ടിക്കാട്ടി.
രാഹുലിന് സീറ്റ് നൽകരുതെന്ന് താൻ എവിടെയും പറഞ്ഞിട്ടില്ലെന്ന് പി.ജെ. കുര്യൻ വ്യക്തമാക്കി. പാലക്കാട് മികച്ച സ്ഥാനാർത്ഥികൾ വേറെയുമുണ്ടെന്ന് മാത്രമാണ് താൻ ഉദ്ദേശിച്ചതെന്നും അദ്ദേഹം വിശദീകരിച്ചു.
ചങ്ങനാശേരി പെരുന്നയിലെ എൻ.എസ്.എസ് ആസ്ഥാനത്ത് നടന്ന മന്നം ജയന്തി ആഘോഷത്തിനിടെ രാഹുൽ മാങ്കൂട്ടത്തിൽ നേരിട്ടെത്തി പി.ജെ. കുര്യനെ കണ്ട് തന്റെ അതൃപ്തി അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഫേസ്‌ബുക്കിലൂടെയും മാധ്യമങ്ങളിലൂടെയും കുര്യൻ വിശദീകരണം നൽകിയത്.
സ്ത്രീവിരുദ്ധ പരാമർശങ്ങളുടെയും ലൈംഗികാതിക്രമ ആരോപണങ്ങളുടെയും പേരിൽ കഴിഞ്ഞ ഓഗസ്റ്റിൽ രാഹുൽ മാങ്കൂട്ടത്തിലിനെ കോൺഗ്രസിന്റെ പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്‌പെൻഡ് ചെയ്തിരുന്നു. തുടർന്ന് ഡിസംബറിൽ പാർട്ടിയിൽ നിന്ന് പുറത്താക്കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് അദ്ദേഹത്തെ തിരിച്ചെടുക്കണമെന്ന ആവശ്യവുമായി പി.ജെ. കുര്യൻ രംഗത്തെത്തിയിരിക്കുന്നത്.