

എറണാകുളത്ത് കാർ ബൈക്കിന് പിന്നിലിടിച്ചു; കളമശേരി സ്വദേശി മരിച്ചു
എറണാകുളം പത്തടിപ്പാലത്ത് കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രികനായ കളമശേരി സ്വദേശി സാജു (64) മരിച്ചു. വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം. സാജു സഞ്ചരിച്ചിരുന്ന ബൈക്കിന് പിന്നിലേക്ക് നിയന്ത്രണം വിട്ട കാർ ഇടിച്ച് കയറുകയായിരുന്നു. ബൈക്കിൽ ഒപ്പമുണ്ടായിരുന്ന യാത്രക്കാരനും പരിക്കേറ്റിട്ടുണ്ട്. ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തൃശൂർ,നെല്ലായിൽ യുവാവ് മരിച്ചു
തൃശൂർ നെല്ലായിൽ ദേശീയപാതയിലുണ്ടായ അപകടത്തിൽ അങ്കമാലി എൽ.എഫ് ആശുപത്രിയിലെ ഇലക്ട്രീഷ്യനായ നിധിൻ (29) മരിച്ചു. പീച്ചാനിക്കാട് - മങ്ങാട്ടുകര സ്വദേശിയാണ്. വെള്ളിയാഴ്ച വൈകുന്നേരം അഞ്ചോടെ തൂപ്പൻകാവ് പാലത്തിന് സമീപമായിരുന്നു അപകടം. നിധിനൊപ്പമുണ്ടായിരുന്ന മങ്ങാട്ടുകര സ്വദേശി ദീപു പൗലോസിനും പരിക്കേറ്റു. ഇരുവരെയും ഉടൻ തന്നെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും നിധിന്റെ ജീവൻ രക്ഷിക്കാനായില്ല.