കാൽ ഇരുമ്പു ഗ്രില്ലിനിടയിൽ കുടുങ്ങി; ആറു വയസുകാരനു ഫയർഫോഴ്സ് രക്ഷകരായി
May 27, 2023, 07:32 IST

തൃശൂർ: ചാലക്കുടി മാർക്കറ്റിനകത്ത് അഴുക്കുചാലിനു മുകളിൽ ഇട്ടിരിക്കുന്ന തുരുന്പുപിടിച്ച ഇരുന്പ് ഗ്രില്ലിനിടയിൽ ആറു വയസുകാരന്റെ കാൽ കുടുങ്ങി. വേദനയനുഭവിച്ചു വലഞ്ഞ കുട്ടിക്ക് ചാലക്കുടി ഫയർ ഫോഴ്സ് രക്ഷകരായി.
വെള്ളിയാഴ്ച വൈകിട്ട് അഞ്ചിന് അമ്മയോടപ്പം നടന്നു പോകുന്പോഴാണ് തിരുമുടിക്കുന്ന് സ്വദേശി കിഴക്കിനേടത്ത് റിജോയുടെ മകൻ ജൈതൻ റിജോയുടെ കാലുകൾ ഗ്രില്ലിന് ഇടയിൽപെട്ടത്. കാൽ പുറത്തെടുക്കാൻ കഴിയാതെ നിലവിളിച്ച കുട്ടിയെ രക്ഷിക്കാൻ നാട്ടുകാർ ശ്രമിച്ചെങ്കിലും സാധിച്ചിരുന്നില്ല.

ഫയർഫോഴ്സ് എത്തി ഗ്രിൽ കട്ട് ചെയ്താണ് കുട്ടിയുടെ കാൽ പുറത്തെടുത്തത്. ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ പി.ഒ. വർഗീസിന്റെ നേതൃത്വത്തിൽ സേന അംഗങ്ങളായ ടി.എസ്. അജയൻ, സി.ആർ. രതീഷ്, വി.ആർ. രജീഷ്, കെ. അരുണ്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു രക്ഷാ ദൗത്യം പൂർത്തിയാക്കിയത്.