

കണ്ണൂർ: പയ്യാവൂർ മുത്താറിക്കുളത്ത് കോൺക്രീറ്റ് മിക്സിംഗ് യന്ത്രവുമായി വന്ന ലോറി നിയന്ത്രണം വിട്ട് മറിഞ്ഞ് രണ്ട് തൊഴിലാളികൾ മരിച്ചു. ശനിയാഴ്ച വൈകുന്നേരത്തോടെയാണ് നാടിനെ നടുക്കിയ അപകടം ഉണ്ടായത്. മരിച്ചവരും പരിക്കേറ്റവരും ഇതരസംസ്ഥാന തൊഴിലാളികളാണെന്നാണ് പ്രാഥമിക വിവരം. ഇവരുടെ പേരുവിവരങ്ങൾ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
ഒരു വീടിന്റെ കോൺക്രീറ്റ് ജോലികൾ കഴിഞ്ഞ് തൊഴിലാളികളുമായി മടങ്ങുകയായിരുന്നു മിനി ലോറി. മുത്താറിക്കുളത്തെ വലിയ ഇറക്കം ഇറങ്ങി വരുന്നതിനിടെ ലോറിയുടെ നിയന്ത്രണം നഷ്ടമാവുകയായിരുന്നു. തുടർന്ന് റോഡരികിലെ വൈദ്യുത പോസ്റ്റിൽ ഇടിച്ച ലോറി തലകീഴായി മറിഞ്ഞു. ലോറിക്കടിയിൽപ്പെട്ട രണ്ട് തൊഴിലാളികൾ സംഭവസ്ഥലത്തുവെച്ച് തന്നെ മരണപ്പെട്ടു.
അപകടസമയത്ത് ഡ്രൈവർ ഉൾപ്പെടെ 14 ഓളം പേർ ലോറിയിൽ ഉണ്ടായിരുന്നതായാണ് വിവരം. ഇതിൽ 11-ഓളം പേർക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ ഉടൻ തന്നെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്കും പരിയാരം മെഡിക്കൽ കോളേജിലേക്കും മാറ്റി. ലോറിക്കടിയിൽ കുടുങ്ങിക്കിടന്നവരെ നാട്ടുകാരും പയ്യാവൂർ പോലീസും ഫയർഫോഴ്സും ചേർന്നാണ് പുറത്തെടുത്തത്. തകർന്ന ലോറി മാറ്റാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.
അമിതഭാരമാണോ അതോ ബ്രേക്ക് നഷ്ടപ്പെട്ടതാണോ അപകടകാരണമെന്ന് പോലീസ് അന്വേഷിച്ചുവരികയാണ്. മരിച്ചവരുടെ മൃതദേഹങ്ങൾ ഇൻക്വസ്റ്റ് നടപടികൾക്കായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.