

കൂത്തുപറമ്പ്: ചെറുമകൻ ആത്മഹത്യ ചെയ്ത വിവരമറിഞ്ഞതിന് പിന്നാലെ മുത്തശ്ശിയും മുത്തശ്ശിയുടെ സഹോദരിയും ജീവനൊടുക്കി. മൂര്യാട് ചമ്മാൽ റോഡിലെ വി.കെ. റെജി (58), സഹോദരി വി.കെ. റോജ (56) എന്നിവരാണ് മരിച്ചത്. ഇവരുടെ ചെറുമകൻ നീർവേലി നിമിഷ നിവാസിൽ ഇ. കിഷൻ (22) വെള്ളിാഴ്ച വൈകുന്നേരം ആത്മഹത്യ ചെയ്തിരുന്നു. ഈ ആഘാതത്തിലാണ് ബന്ധുക്കളായ ഇരു സ്ത്രീകളും വീടിനുള്ളിൽ തൂങ്ങിമരിച്ചത്.
വെള്ളിയാഴ്ച വൈകുന്നേരത്തോടെ മൂര്യാടുള്ള മുത്തശ്ശിയുടെ വീട്ടിലെത്തിയ കിഷൻ, സുഹൃത്തുക്കൾ പുറത്തുപോയ സമയത്താണ് വീടിനുള്ളിൽ തൂങ്ങിമരിച്ചത്. സുഹൃത്തുക്കൾ തിരിച്ചെത്തി വാതിൽ ചവിട്ടിത്തുറന്ന് കിഷനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
കിഷന്റെ മരണവാർത്ത അറിഞ്ഞ ഉടനെയാണ് വലിയ വെളിച്ചത്തെ സ്വകാര്യ കമ്പനിയിൽ ജോലിയിലായിരുന്ന റെജിയും റോജയും വീട്ടിലെത്തിയത്. ഏറെ സ്നേഹിച്ചിരുന്ന ചെറുമകന്റെ മരണം താങ്ങാനാവാതെ ഇരുവരും വീടിന്റെ രണ്ട് മുറികളിലായി തൂങ്ങിമരിക്കുകയായിരുന്നു. ഒരേ വീട്ടിൽ മൂന്ന് മരണങ്ങൾ നടന്നത് മൂര്യാട് ഗ്രാമത്തെ ഒന്നടങ്കം നടുക്കിയിട്ടുണ്ട്.
കിഷൻ നേരത്തെ ഒരു പോക്സോ കേസിൽ പ്രതിയായിരുന്നുവെന്നും ഇതുമായി ബന്ധപ്പെട്ട മാനസിക വിഷമമാണ് യുവാവിനെ ആത്മഹത്യയിലേക്ക് നയിച്ചതെന്നുമാണ് പോലീസിന്റെ പ്രാഥമിക നിഗമനം. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം ശനിയാഴ്ച വൈകുന്നേരത്തോടെ വലിയ വെളിച്ചം ശാന്തിവനത്തിൽ സംസ്കരിച്ചു.
സുനിൽ-നിമിഷ ദമ്പതികളുടെ മകനാണ് കിഷൻ. അക്ഷയ് ആണ് ഏക സഹോദരൻ. കൂത്തുപറമ്പ് പോലീസ് സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.