തിരുവനന്തപുരം: പഞ്ചായത്ത് വക ഔദ്യോഗിക വാഹനം വിട്ടുനൽകുന്നതിനെച്ചൊല്ലിയുള്ള തർക്കത്തെത്തുടർന്ന് പഞ്ചായത്ത് സെക്രട്ടറിയെ വഴിയിൽ തടഞ്ഞ് വെള്ളനാട് പഞ്ചായത്ത് പ്രസിഡന്റും സി.പി.എം നേതാവുമായ വെള്ളനാട് ശശി. ശനിയാഴ്ച വൈകുന്നേരത്തോടെ വെള്ളനാട് കുളക്കോടിന് സമീപത്തുവെച്ചാണ് നാടകീയമായ സംഭവങ്ങൾ അരങ്ങേറിയത്.
പഞ്ചായത്തിൽ നടന്ന പുതിയ ഭരണസമിതിയുടെ സത്യപ്രതിജ്ഞാ ചടങ്ങുകളുടെ റിപ്പോർട്ടുകൾ കളക്ടറേറ്റിൽ സമർപ്പിച്ച് മടങ്ങി വരികയായിരുന്നു പഞ്ചായത്ത് സെക്രട്ടറി. ഈ സമയം വിവിധ ആവശ്യങ്ങൾക്കായി തനിക്ക് ഔദ്യോഗിക വാഹനം വേണമെന്ന് പ്രസിഡന്റ് ആവശ്യപ്പെട്ടു. എന്നാൽ, ഔദ്യോഗിക ചട്ടം അനുസരിച്ച് വൈകുന്നേരം അഞ്ച് മണിക്ക് ശേഷം വാഹനം വിട്ടുനൽകാൻ കഴിയില്ലെന്ന് സെക്രട്ടറി നിലപാടെടുത്തു. ഇതാണ് പ്രസിഡന്റിനെ പ്രകോപിപ്പിച്ചത്.
സെക്രട്ടറിയുടെ നിലപാടിൽ പ്രതിഷേധിച്ച് വെള്ളനാട് ശശി സെക്രട്ടറിയുടെ കാർ വഴിയിൽ തടയുകയായിരുന്നു. പഞ്ചായത്ത് പ്രസിഡന്റ് എന്ന നിലയിൽ വാഹനത്തിന് തനിക്ക് അർഹതയുണ്ടെന്നും അത് തടയാൻ സെക്രട്ടറിക്ക് അധികാരമില്ലെന്നുമാണ് അദ്ദേഹത്തിന്റെ വാദം. വൈകുന്നേരം ഏറെനേരം പ്രദേശത്ത് ഗതാഗത തടസ്സവും ഉദ്യോഗസ്ഥരും ജനപ്രതിനിധിയും തമ്മിലുള്ള വാക്പോരും തുടർന്നു.
നേരത്തെ കോൺഗ്രസ് നേതാവായിരുന്ന വെള്ളനാട് ശശി അടുത്തകാലത്താണ് പാർട്ടി വിട്ട് സി.പി.എമ്മിൽ എത്തിയത്. ഇദ്ദേഹത്തിനെതിരെ മുൻപും ഇത്തരത്തിൽ ഉദ്യോഗസ്ഥരോടും നാട്ടുകാരോടും മോശമായി പെരുമാറിയെന്ന ആരോപണങ്ങൾ ഉയർന്നിട്ടുണ്ട്. സംഭവത്തിൽ പഞ്ചായത്ത് സെക്രട്ടറി പോലീസിൽ പരാതി നൽകുന്നതിനെക്കുറിച്ച് ആലോചിക്കുന്നതായാണ് വിവരം.