

പാലക്കാട്: ചിറ്റൂർ ഇരവങ്കാട് സ്വദേശികളായ മുഹമ്മദ് അനസിന്റെയും സൗഹിദയുടെയും മകൻ സുഹാനെ (4) കാണാതായ സംഭവത്തിൽ അന്വേഷണം പോലീസ് ഊർജ്ജിതമാക്കി. ശനിയാഴ്ച രാത്രി വൈകിയതിനാൽ താത്കാലികമായി നിർത്തിവെച്ച തിരച്ചിൽ ഞായറാഴ്ച പുലർച്ചെ മുതൽ പുനരാരംഭിക്കും.
അന്വേഷണത്തിന്റെ ഭാഗമായി സ്ഥലത്തെത്തിയ പോലീസ് ഡോഗ് സ്ക്വാഡിലെ നായ മണം പിടിച്ച് വീടിന് സമീപത്തെ ഒരു കുളത്തിന് അരികിലേക്ക് ഓടിയെത്തി. ഇതിനെത്തുടർന്ന് ഫയർഫോഴ്സ് കുളത്തിലും പരിസരത്തും വിശദമായ പരിശോധന നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല.
വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന സുഹാൻ സഹോദരനുമായി വഴക്കുണ്ടാക്കിയതിനെത്തുടർന്ന് പിണങ്ങി ഇറങ്ങിപ്പോയതാണെന്നാണ് പോലീസിന് ലഭിച്ച പ്രാഥമിക വിവരം. ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ വീടിനടുത്തുള്ള ഇടവഴിയിൽ സുഹാനെ കണ്ടതായി പ്രദേശവാസി മൊഴി നൽകിയിട്ടുണ്ട്. എന്നാൽ ഈ വഴി കേന്ദ്രീകരിച്ച് നടത്തിയ തിരച്ചിലും ഫലം കണ്ടില്ല.
തൊട്ടടുത്തുള്ള രണ്ട് വീടുകളല്ലാതെ സുഹാന് മറ്റ് വീടുകളൊന്നും പരിചയമില്ല. അതിനാൽ കുട്ടി അധികം ദൂരത്തേക്ക് പോകാൻ സാധ്യതയില്ലെന്നാണ് പോലീസ് കണക്കാക്കുന്നത്. വീടിന്റെ പരിസരപ്രദേശങ്ങളിൽ തന്നെ കുട്ടി ഉണ്ടാകാൻ സാധ്യതയുണ്ടെന്ന നിഗമനത്തിൽ പ്രദേശം മുഴുവൻ അരിച്ചുപെറുക്കാനാണ് പോലീസിന്റെയും നാട്ടുകാരുടെയും തീരുമാനം.
സംസാരിക്കാൻ പ്രയാസമുള്ള കുട്ടിയായതിനാൽ സുഹാന്റെ സുരക്ഷയിൽ കുടുംബാംഗങ്ങളും നാട്ടുകാരും അതീവ ആശങ്കയിലാണ്. ഞായറാഴ്ച പുലർച്ചെ മുതൽ കൂടുതൽ സജ്ജീകരണങ്ങളോടെ തിരച്ചിൽ തുടരും.