താനൂരിൽ ബസ് നിർത്തിയിട്ട കാറിലിടിച്ച് കയറി
Sat, 27 May 2023

താനൂർ: താനൂർ-പരപ്പനങ്ങാടി റോഡിൽ ബസ് സ്റ്റോപ്പിന് സമീപം നിർത്തിയിട്ട കാറിന്റെ പിൻഭാഗത്ത് ബസ് ഇടിച്ചു കയറി. ചാലിയത്ത് നിന്ന് തിരൂരിലേക്ക് പോവുകയായിരുന്ന ഹിൽ പാലസ് ബസാണ് അപകടമുണ്ടാക്കിയത്. നിർത്തിയിട്ട കാറിൽ യാത്രക്കാരില്ലാതിരുന്നതിനാൽ വലിയ അപകടം ഒഴിവായി.
ഇടിയുടെ ആഘാതത്തിൽ സമീപമുള്ള കൈവരിയിൽ തട്ടി നിന്ന കാറിന്റെ പകുതിഭാഗവും ബസിന്റെ ഉള്ളിലേക്ക് കയറിയ നിലയിലായിരുന്നു. താനൂരിൽ നിന്ന് പരപ്പനങ്ങാടിയിലേക്ക് പോവുകയായിരുന്ന മറ്റൊരു കാറിന്റെ വശത്തും ബസ് ഇടിച്ചിട്ടുണ്ട്.
ഇതിനിടെ ബസിൽ നിന്ന് ഡീസൽ ചോർന്നത് ആശങ്ക സൃഷ്ടിച്ചു. ഉടൻ പൊലീസും ഫയർഫോഴ്സും സ്ഥലത്തെത്തി പുറത്തേക്കൊഴുകിയ ഡീസൽ വെള്ളം പമ്പ് ചെയ്ത് ഒഴുക്കി കളഞ്ഞു