തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷൻ ഭരണത്തിൽ തന്നെ മേയറാക്കാമെന്ന ഉറപ്പിലാണ് തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിപ്പിച്ചതെന്ന് വെളിപ്പെടുത്തി മുൻ ഡിജിപിയും ബിജെപി കൗൺസിലറുമായ ആർ. ശ്രീലേഖ. കേവലം ഒരു കൗൺസിലറാകാൻ വേണ്ടിയല്ല താൻ മത്സരരംഗത്തിറങ്ങിയതെന്നും പാർട്ടി കേന്ദ്രനേതൃത്വത്തിന്റെ ഇടപെടലിലാണ് വി.വി. രാജേഷ് മേയറായതെന്നും ശ്രീലേഖ തുറന്നടിച്ചു. ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ബിജെപി സംസ്ഥാന നേതൃത്വത്തെ പ്രതിരോധത്തിലാക്കുന്ന വെളിപ്പെടുത്തലുകൾ അവർ നടത്തിയത്.
തെരഞ്ഞെടുപ്പിന്റെ മുഖമായി തന്നെ ഉയർത്തിക്കാട്ടാനാണ് നേതൃത്വം തീരുമാനിച്ചിരുന്നത്. എന്നാൽ അപ്രതീക്ഷിതമായി കൗൺസിലർ സ്ഥാനത്തേക്ക് മത്സരിക്കേണ്ടി വന്നു. മേയർ സ്ഥാനാർത്ഥിയായി തന്നെയാണ് മാധ്യമ ചർച്ചകളിൽ പോലും തന്നെ നിയോഗിച്ചിരുന്നതെന്ന് ശ്രീലേഖ പറഞ്ഞു.
വി.വി. രാജേഷിനെ മേയറായും ആശാ നാഥിനെ ഡെപ്യൂട്ടി മേയറായും തീരുമാനിച്ചത് ബിജെപി കേന്ദ്ര നേതൃത്വമാണ്. അവസാന നിമിഷം തീരുമാനങ്ങൾ മാറുകയായിരുന്നു. കേന്ദ്ര തീരുമാനം വന്നപ്പോൾ ഇറങ്ങിപ്പോകാൻ സാധിക്കില്ല. തന്നെ വിജയിപ്പിച്ച വോട്ടർമാരോടുള്ള ആത്മാർത്ഥത കാരണമാണ് അഞ്ച് വർഷം കൗൺസിലറായി തുടരാൻ തീരുമാനിച്ചതെന്നും അവർ വ്യക്തമാക്കി.
തിരുവനന്തപുരം കോർപ്പറേഷനിൽ മേയർ സ്ഥാനത്തേക്ക് ആർ. ശ്രീലേഖയെ ഉയർത്തിക്കാട്ടിയെങ്കിലും വി. മുരളീധരൻ പക്ഷത്തിന്റെയും ആർഎസ്എസിന്റെയും സമ്മർദ്ദത്തെത്തുടർന്നാണ് വി.വി. രാജേഷിന് നറുക്കുവീണതെന്നാണ് റിപ്പോർട്ടുകൾ.
മേയർ സ്ഥാനം നഷ്ടമായ ശ്രീലേഖയെ വട്ടിയൂർക്കാവ് നിയമസഭാ മണ്ഡലത്തിൽ മത്സരിപ്പിക്കാനാണ് നിലവിൽ ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ ആലോചന. അവിടെ പരാജയപ്പെട്ടാൽ ദേശീയ വനിതാ കമ്മീഷൻ അധ്യക്ഷ പദവി ഉൾപ്പെടെയുള്ള വാഗ്ദാനങ്ങൾ പാർട്ടി മുന്നോട്ടുവെച്ചിട്ടുണ്ടെന്നാണ് വിവരം. വിവാദങ്ങൾ ഒഴിവാക്കണമെന്ന് നേതൃത്വം അഭ്യർത്ഥിച്ചിരുന്നെങ്കിലും ശ്രീലേഖയുടെ പുതിയ വെളിപ്പെടുത്തൽ പാർട്ടിയിൽ പുതിയ ചർച്ചകൾക്ക് വഴിതുറന്നിരിക്കുകയാണ്.