ഇനി ആ അമ്മ ക്ഷമിക്കില്ല; വയോധികയെ മർദിച്ച കേസിൽ മകൻ അറസ്റ്റിൽ

ഇനി ആ അമ്മ ക്ഷമിക്കില്ല; വയോധികയെ മർദിച്ച കേസിൽ മകൻ അറസ്റ്റിൽ
പത്തനംതിട്ട: ക്രൂരമായ മർദനത്തിനൊടുവിൽ വേദനകൊണ്ടു പുളയുമ്പോളും നൊന്തുപെറ്റ മകനെന്ന പരിഗണന നൽകി ആ അമ്മ ഇത്രയും കാലം ക്ഷമിച്ചു. ഇനി ക്ഷമിക്കില്ലെന്ന്​ കരുതാം. അമ്മയുടെ വാക്ക്​ മാറാതിരിക്കാൻ മജിസ്​ട്രേറ്റിന്​ മുന്നിൽ ഹാജരാക്കി രഹസ്യമൊഴി രേഖപ്പെടുത്താനുള്ള ശ്രമത്തിലാണ്​ പൊലീസ്​.

മകൻ രഞ്ജിത്തിൽ (40) നിന്ന്​ മുമ്പ്​ പലതവണ ക്രൂരമായ മർദനത്തിന്​ ഇരയാകു​മ്പോഴും റാന്നി അത്തിക്കയം കുടമുരുട്ടി കൊച്ചുകുളം കോലിഞ്ചിപ്പതാലിൽ വീട്ടിൽ ഗോപാലകൃഷ്ണന്റെ ഭാര്യ രാധാമണി​ (61) മണിക്കൂറുകൾക്കകം അതെല്ലാം ക്ഷമിച്ചിരുന്നു. പെരുന്നാട്​ പൊലീസിന്​ മുന്നിൽ പല​പ്രാവശ്യവും പരാതിയായി എത്തുമ്പോഴും നിയനടപടികളിലേക്ക്​ കടക്കുമ്പോൾ മകനുവേണ്ടി ക്ഷമ ചോദിച്ച്​ ഇനി അങ്ങനെ സംഭവിക്കില്ലെന്ന്​ ഉറപ്പ്നൽകി മകനെയും കൂട്ടി വൃദ്ധമാതാവ്​ സ്​റ്റേഷനിൽ നിന്ന്​ പോകാറുണ്ടായിരുന്നെന്ന്​ പെരുന്നാട്​ സി.ഐ യു.രാജീവ്​ കുമാർ പറയുന്നു.

എന്നാൽ കഴിഞ്ഞ ഞായറാഴ്ച ഉച്ചക്കുശേഷം വീടിന്റെ മുറ്റത്ത് പാത്രം കഴുകിക്കൊണ്ടിരുന്ന രാധാമണിയെ രഞ്​ജിത്ത്​ ക്രൂരമായി മർദിക്കുകയായിരുന്നു. കൈകൾ കൊണ്ട് കഴുത്തിൽ കുത്തിപ്പിടിച്ച ഇയാൾ ശ്വാസം മുട്ടിക്കുകയും, തൊഴിക്കുകയും, നെഞ്ചിൽ പിടിച്ചമർത്തുകയും ചെയ്തതായി അമ്മയുടെ മൊഴിയിൽ പറയുന്നു. വേദനയിൽ പുളഞ്ഞ്​ അവർ സ്​റ്റേഷനിൽ എത്തി. മകന്‍റെ മർദനം തുടരുന്നത്​ ഇങ്ങനെ അംഗീകരിക്കരുതെന്നും​ നിയമസഹായം ഉറപ്പാണെന്നും മണിക്കൂറുകൾ സംസാരിച്ച്​ ആ അമ്മയെ പൊലീസ്​​ ബോധ്യപ്പെടുത്തി. മന:പ്പൂർവമല്ലാത്ത നരഹത്യാശ്രമത്തിന്​​​ കേസെടുത്ത്​ രഞ്ജിത്തിനെ അറസ്റ്റ്​ചെയ്ത്​ കോടതിയിൽ ഹാജരാക്കി ശനിയാഴ്ച തന്നെ റിമാന്‍റ്​ ചെയ്തു.

Share this story