പാലക്കാട്: കുപ്പിയിൽ പെട്രോൾ നൽകാൻ വിസമ്മതിച്ചതിനെത്തുടർന്ന് വാണിയംകുളത്തെ പെട്രോൾ പമ്പിന് തീവയ്ക്കാൻ ശ്രമിച്ചതായി പരാതി. വാണിയംകുളം ടൗണിലെ കെ.എം. പെട്രോൾ പമ്പിൽ കഴിഞ്ഞ ദിവസം രാത്രിയാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്.(Complaint alleges attempt to set Palakkad petrol pump on fire)
രാത്രി വൈകി ഓട്ടോറിക്ഷയിലെത്തിയ മൂന്നംഗ സംഘമാണ് പ്രശ്നങ്ങൾക്ക് തുടക്കമിട്ടത്. കുപ്പിയിൽ പെട്രോൾ വേണമെന്നായിരുന്നു ഇവരുടെ ആവശ്യം. കൈവശം കുപ്പിയില്ലെന്നും പമ്പിൽ നിന്ന് നൽകണമെന്നും സംഘം ആവശ്യപ്പെട്ടു. എന്നാൽ കുപ്പി ഇവിടെ ലഭ്യമല്ലെന്ന് ജീവനക്കാർ അറിയിച്ചതോടെ ഇവർ അക്രമാസക്തരായി.
പമ്പിൽ കുപ്പി ഉണ്ടോയെന്ന് പരിശോധിച്ച സംഘം ജീവനക്കാരെ അസഭ്യം പറയുകയും കൈയ്യേറ്റത്തിന് മുതിരുകയും ചെയ്തു. "പെട്രോൾ നൽകിയില്ലെങ്കിൽ പമ്പിന് തീവയ്ക്കുമെന്നും കൊല്ലുമെന്നും" ഇവർ ഭീഷണിപ്പെടുത്തിയതായി ഉടമയുടെ പരാതിയിൽ പറയുന്നു. പമ്പിന് തീവയ്ക്കാനുള്ള ശ്രമം നടന്നതായും പരാതിയിൽ ആരോപിക്കുന്നുണ്ട്. സംഭവത്തെ തുടർന്ന് പമ്പ് മാനേജർ ഷൊർണൂർ ഡി.വൈ.എസ്.പിക്ക് പരാതി നൽകി. പോലീസ് പമ്പിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് പ്രതികൾക്കായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്