തിരുവനന്തപുരം: ശബരിമലയിലെ സ്വർണ്ണക്കവർച്ചാ ആരോപണവുമായി ബന്ധപ്പെട്ട് വൈറലായ 'പോറ്റിയെ കേറ്റിയെ... സ്വർണം ചെമ്പായി മാറ്റിയേ...' എന്ന പാരഡി ഗാനത്തിനെതിരെ പോലീസ് നീക്കങ്ങൾക്കിടെ, മുഖ്യമന്ത്രി പിണറായി വിജയന്റെ പഴയ ഫേസ്ബുക്ക് പോസ്റ്റ് കുത്തിപ്പൊക്കി വി.ടി. ബൽറാം. തദ്ദേശ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന്റെ പരാജയത്തിന് കാരണമായ ഘടകങ്ങളിലൊന്നായി സി.പി.എം. വിലയിരുത്തുന്ന ഈ ഗാനം മതവികാരം വ്രണപ്പെടുത്തുന്നു എന്ന പരാതിയിലാണ് ഇപ്പോൾ പോലീസ് പ്രാഥമികാന്വേഷണം നടത്തുന്നത്.(VT Balram digs up CM's old post in parody song controversy)
2018 ഫെബ്രുവരി 15-ന് മുഖ്യമന്ത്രി പിണറായി വിജയൻ പങ്കുവെച്ച ഒരു ഫേസ്ബുക്ക് പോസ്റ്റാണ് വി.ടി. ബൽറാം ഇപ്പോൾ വീണ്ടും ചർച്ചയാക്കിയിരിക്കുന്നത്. ഒരു ഗാനം മതവികാരം വ്രണപ്പെടുത്തുന്നു എന്ന് ആരോപിച്ച് ഹൈദരാബാദിലെ ഒരു വിഭാഗം മുസ്ലിം മതമൗലികവാദികൾ പരാതി നൽകിയപ്പോഴായിരുന്നു മുഖ്യമന്ത്രി അന്ന് ആവിഷ്‌കാര സ്വാതന്ത്ര്യത്തെ പിന്തുണച്ച് രംഗത്തെത്തിയത്.
ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്നുകയറ്റങ്ങളെ അനുവദിക്കാനാവില്ലെന്നും, ഇത്തരം അസഹിഷ്ണുതകൾ ജനാധിപത്യ സമൂഹത്തിന് യോജിച്ചതല്ലെന്നുമായിരുന്നു അന്ന് മുഖ്യമന്ത്രിയുടെ നിലപാട്. "ഈ പോസ്റ്റിട്ടത് ആരപ്പാ, പിണറായി വിജയൻ തന്നപ്പാ" എന്ന പരിഹാസത്തോടെയാണ് ബൽറാം ഈ പഴയ പോസ്റ്റിന്റെ സ്ക്രീൻഷോട്ട് പങ്കുവെച്ചത്. അന്ന് ആവിഷ്‌കാര സ്വാതന്ത്ര്യം ഉയർത്തിപ്പിടിച്ച മുഖ്യമന്ത്രിയുടെ പാർട്ടി തന്നെ ഇന്ന് ഒരു പാരഡി ഗാനത്തിനെതിരെ പരാതിയുമായി വരുന്നത് ഇരട്ടത്താപ്പാണെന്ന് ബൽറാം ചൂണ്ടിക്കാട്ടുന്നു.