കോട്ടയം: ജോസ് കെ മാണി - ജോസഫ് വിഭാഗങ്ങൾ തമ്മിലുള്ള പോര് പുതിയ തലത്തിലേക്ക്. 'പരുന്തിന്റെ പുറത്തിരിക്കുന്ന കുരുവി'യാണ് ജോസഫ് വിഭാഗമെന്ന ജോസ് കെ മാണിയുടെ പരിഹാസത്തിന് കടുത്ത ഭാഷയിൽ മറുപടിയുമായി മോൻസ് ജോസഫ് രംഗത്തെത്തി.(Mons Joseph gives a clear reply to Jose K Mani on criticism)
യഥാർത്ഥത്തിൽ പരുന്തിന്റെ മുകളിലെ കുരുവി ജോസ് കെ മാണിയും കൂട്ടരുമാണെന്നും, ആ പരുന്തിന്റെ മുകളിൽ നിന്ന് താഴെ വീണ് ചതഞ്ഞരഞ്ഞു പോയവരാണ് അവരെന്നും മോൻസ് ജോസഫ് പരിഹസിച്ചു.
തദ്ദേശ തിരഞ്ഞെടുപ്പ് ഫലം വിശകലനം ചെയ്തുകൊണ്ട് മോൻസ് ജോസഫ് പറഞ്ഞത് ജോസ് കെ മാണി ഇല്ലാതെ തന്നെ യുഡിഎഫ് തദ്ദേശ തിരഞ്ഞെടുപ്പിൽ വലിയ കരുത്ത് കാട്ടിയെന്നാണ്. സ്വന്തം തട്ടകമായ പാലാ നഗരസഭ പോലും കേരള കോൺഗ്രസ് എമ്മിന് നഷ്ടമായി. സ്വന്തം അവസ്ഥ ഓർത്ത് ജോസ് കെ മാണി പരിതപിക്കുകയാണ്.
ഇടുക്കിയിലെ തിരഞ്ഞെടുപ്പ് വിജയത്തിന്റെ ഏക ക്യാപ്റ്റൻ പി.ജെ. ജോസഫാണ്. ജോസ് കെ മാണി വിഭാഗത്തെ മുന്നണിയിലേക്ക് തിരികെ ക്ഷണിക്കുന്ന യുഡിഎഫ് നേതാക്കളുടെ നിലപാടിനെയും മോൻസ് ജോസഫ് വിമർശിച്ചു.
"ജോസ് കെ മാണിയുടെ പിന്നാലെ നടക്കേണ്ട കാര്യം യുഡിഎഫിനില്ല. അദ്ദേഹത്തെ മുന്നണിയിലേക്ക് പരസ്യമായി ക്ഷണിക്കുന്നത് യുഡിഎഫ് നേതാക്കൾ അവസാനിപ്പിക്കണം. അത് ശരിയായ നിലപാടല്ല." - മോൻസ് ജോസഫ് വ്യക്തമാക്കി.