തിരുവനന്തപുരം: ജമാഅത്തെ ഇസ്ലാമി ഒരു ഇസ്ലാമിക തീവ്രവാദ സംഘടനയാണെന്ന് എളമരം കരീം. 'പൊളിറ്റിക്കൽ ഇസ്ലാം' എന്ന രാഷ്ട്രീയമാണ് അവർ ഉയർത്തിപ്പിടിക്കുന്നതെന്നും ഇത് രാജ്യത്തിന് അങ്ങേയറ്റം അപകടകരമാണെന്നും അദ്ദേഹം പറഞ്ഞു.(Jamaat-e-Islami is an Islamic extremist organization, says Elamaram Kareem)
"ആർ.എസ്.എസ്. ഹിന്ദുത്വ വർഗീയത ഉയർത്തുന്നതുപോലെ, മുസ്ലീങ്ങൾക്കിടയിൽ ഇസ്ലാമിക രാഷ്ട്രം എന്ന തത്വത്തെ അടിസ്ഥാനപ്പെടുത്തി ജമാഅത്തെ ഇസ്ലാമി ഉയർത്തുന്ന ആശയങ്ങൾ അങ്ങേയറ്റം അപകടകരമാണ്," എളമരം കരീം ചൂണ്ടിക്കാട്ടി. ജമാഅത്തെ ഇസ്ലാമിക്ക് കേരളത്തിലെ മുസ്ലീങ്ങളെ ഒന്നടങ്കം ഏകീകരിക്കാൻ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു.
"കേരളത്തിൽ 1% ത്തിൽ താഴെ മാത്രമേ അവർക്ക് സ്വാധീനമുള്ളൂ. മതനിരപേക്ഷതയ്ക്കും ഇടതുപക്ഷത്തിനും എതിരായി അവർ നടത്തുന്ന പ്രചാരവേലകൾ കുറച്ച് ആളുകൾക്കിടയിൽ തെറ്റിദ്ധാരണ ഉണ്ടാക്കാൻ ഇടയായിട്ടുണ്ട്. എന്നാൽ അവരുടെ ഭീഷണി അധികകാലം നിലനിൽക്കുമെന്ന് കരുതുന്നില്ല," എളമരം കരീം കൂട്ടിച്ചേർത്തു.
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്ക് പകരം 'വി.ബി. ജി. റാം ജി ബിൽ' കൊണ്ടുവരാനുള്ള കേന്ദ്രസർക്കാർ നീക്കത്തിനെതിരെയും എളമരം കരീം ശക്തമായ നിലപാട് വ്യക്തമാക്കി. രാജ്യത്തെ ഏറ്റവും വലിയ തൊഴിലുറപ്പ് പദ്ധതിയായിരുന്നു മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി. പുതിയ ബില്ല് എല്ലാ സംസ്ഥാനങ്ങൾക്കും വലിയ ബുദ്ധിമുട്ടാണ് ഉണ്ടാക്കുക.
പദ്ധതിയുടെ 40% വിഹിതം സംസ്ഥാനങ്ങൾ വഹിക്കണമെന്ന നിബന്ധന സംസ്ഥാന സർക്കാരുകൾക്ക് വലിയ ഭാരമായി മാറും. ഈ കേന്ദ്ര സർക്കാർ നടപടിയെ 'രണ്ടാം ഗാന്ധിവധം' എന്ന് വിശേഷിപ്പിച്ചത് ഉചിതമായ പദപ്രയോഗമാണെന്നും, രാജ്യത്താകെയുള്ള തൊഴിലുറപ്പ് തൊഴിലാളികൾ ശക്തമായ പ്രതിഷേധവുമായി രംഗത്ത് വരണമെന്നും എളമരം കരീം ആവശ്യപ്പെട്ടു.