തിരുവനന്തപുരം: തലസ്ഥാനത്തെ കോർപ്പറേഷൻ മേയർ സ്ഥാനാർഥിയെ സംബന്ധിച്ച അന്തിമ ചർച്ചകൾ ബിജെപി രണ്ടു ദിവസത്തേക്ക് മാറ്റിവെച്ചു. പാർട്ടി സംസ്ഥാന അധ്യക്ഷൻ തിരിച്ചെത്തിയ ശേഷമാകും അന്തിമ തീരുമാനം പ്രഖ്യാപിക്കുക. കൗൺസിലർമാരുടെ സത്യപ്രതിജ്ഞ ഡിസംബർ 21-നും മേയർ തിരഞ്ഞെടുപ്പ് ഡിസംബർ 26-നുമാണ് നടക്കുന്നത്.(Who will be the first BJP mayor of Thiruvananthapuram Corporation ?)
മേയർ സ്ഥാനത്തേക്ക് ബിജെപി പരിഗണിക്കുന്ന പ്രമുഖ നേതാക്കൾ വി.വി. രാജേഷ്, ആർ. ശ്രീലേഖ, കരമന അജിത് എന്നിവരാണ്. ഡെപ്യൂട്ടി മേയർ സ്ഥാനത്തേക്ക് ആർ. ശ്രീലേഖ, സിമി ജ്യോതിഷ് എന്നിവരെയാണ് പ്രധാനമായും പരിഗണിക്കുന്നത്.
മേയർ സ്ഥാനാർഥിയെ കണ്ടെത്താൻ ത്രിതല ചർച്ചാ പ്രക്രിയയാണ് ബിജെപി സ്വീകരിക്കുന്നത്. ആദ്യഘട്ടത്തിൽ ജില്ലാ കോർ കമ്മിറ്റി കൗൺസിലർമാരുടെ അഭിപ്രായം തേടും. കൗൺസിലർമാരുടെ അഭിപ്രായം പരിഗണിച്ച ശേഷം സ്ഥാനങ്ങളിലെത്തേണ്ടവരുടെ പേര് സംസ്ഥാന കോർ കമ്മിറ്റിക്ക് കൈമാറും. സംസ്ഥാന കമ്മിറ്റി കേന്ദ്ര നേതൃത്വത്തിന്റെകൂടി അഭിപ്രായം തേടിയശേഷമാവും മേയർ സ്ഥാനത്തേക്കുള്ള അന്തിമ പട്ടിക പ്രസിദ്ധീകരിക്കുക. സംസ്ഥാന അധ്യക്ഷൻ തിരിച്ചെത്തിയ ശേഷം ഉടൻ മേയർ ചർച്ചകൾ പുനരാരംഭിക്കും.