വയനാട് : ലക്കിടി, വൈത്തിരി മേഖലകളിൽ പെയ്യുന്ന അതിതീവ്ര മഴയെ തുടർന്ന് താമരശ്ശേരി ചുരം വഴിയുള്ള വാഹന ഗതാഗതത്തിന് കർശന നിയന്ത്രണം ഏർപ്പെടുത്തി. ചുരത്തിൽ മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ, പാറകൾ അടർന്നുവീഴൽ എന്നിവയ്ക്കുള്ള സാധ്യത കണക്കിലെടുത്താണ് കോഴിക്കോട് ജില്ലാ കളക്ടർ ഉത്തരവിറക്കിയത്.( Thamarassery Churam Traffic Restrictions Imposed Amid Heavy Rain Landslide Threat)
ഹെവി വാഹനങ്ങൾ, മൾട്ടി ആക്‌സിൽ ലോറികൾ, ട്രെയിലറുകൾ, മറ്റ് ഭാരവാഹനങ്ങൾ എന്നിവയ്ക്കാണ് ചുരത്തിലൂടെ പ്രവേശന വിലക്കുള്ളത്. ഇത്തരം വാഹനങ്ങൾ കുറ്റ്യാടി ചുരം വഴിയോ നാടുകാണി ചുരം വഴിയോ തിരിഞ്ഞുപോകണമെന്ന് അധികൃതർ നിർദ്ദേശിച്ചു. കൂടാതെ വിനോദസഞ്ചാര വാഹനങ്ങൾക്കും അത്യാവശ്യമല്ലാത്ത സ്വകാര്യ വാഹനങ്ങൾക്കും താമരശ്ശേരി ചുരം വഴി വയനാട്ടിലേക്ക് പ്രവേശിക്കുന്നതിന് താത്കാലിക നിരോധനമുണ്ട്.
കെ.എസ്.ആർ.ടി.സി ഉൾപ്പെടെയുള്ള പൊതുഗതാഗത സർവീസുകൾ, ആംബുലൻസുകൾ, ഫയർ സർവീസ്, സിവിൽ ഡിഫൻസ്, പോലീസ് വാഹനങ്ങൾ, അവശ്യ ദുരന്തനിവാരണ പ്രവർത്തനങ്ങൾക്കായി പോകുന്ന വാഹനങ്ങൾ എന്നിവയ്ക്ക് ഈ നിയന്ത്രണങ്ങളിൽ നിന്ന് ഇളവുണ്ടാകും. അടിവാരം ചെക്ക് പോസ്റ്റിൽ പോലീസ് സേനയെ വിന്യസിച്ചിട്ടുണ്ടെന്നും അനുമതിയില്ലാത്ത വാഹനങ്ങളെ പ്രവേശിപ്പിക്കില്ലെന്നും ഭരണകൂടം അറിയിച്ചു.
മണ്ണിടിച്ചിലോ മറ്റ് തടസ്സങ്ങളോ ഉണ്ടായാൽ ഉടൻ നീക്കം ചെയ്യുന്നതിനായി റാപ്പിഡ് റെസ്‌പോൺസ് ടീമുകൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ചുരത്തിലെ 6 മുതൽ 9 വരെയുള്ള പ്രധാന ഹെയർപിൻ വളവുകളിൽ ജെ.സി.ബി, മരം മുറിക്കുന്ന ഉപകരണങ്ങൾ, മറ്റ് രക്ഷാപ്രവർത്തന സാമഗ്രികൾ എന്നിവ സജ്ജമാക്കിയിട്ടുണ്ട്. പി.ഡബ്ല്യു.ഡി, വനം വകുപ്പ്, പോലീസ് എന്നിവർ സംയുക്തമായി മേഖലയിൽ പട്രോളിങ് നടത്തും. നിർദ്ദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ ദുരന്തനിവാരണ നിയമത്തിലെ സെക്ഷൻ 51, മോട്ടോർ വാഹന നിയമം എന്നിവ പ്രകാരം കർശന നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി.
Story Summary
Following extreme rainfall in Wayanad’s Lakkidi and Vythiri regions, Kozhikode District Collector has imposed strict traffic restrictions on Thamarassery Churam due to landslide risks. Entry for heavy vehicles and tourist buses has been temporarily banned, while emergency vehicles and public transport remain exempt.


