തൃശ്ശൂർ: മുണ്ടത്തിക്കോട് പടക്ക നിർമ്മാണ ശാലയിലുണ്ടായ ദാരുണമായ അപകടത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങൾക്ക് ധനസഹായം പ്രഖ്യാപിച്ച് സുരേഷ് ഗോപി എംപി. മരണപ്പെട്ട ഓരോ വ്യക്തിയുടെയും കുടുംബത്തിന് ഒരു ലക്ഷം രൂപ വീതം കൈമാറുമെന്ന് അദ്ദേഹം അറിയിച്ചു. തന്റെ മകൾ ലക്ഷ്മിയുടെ ഓർമ്മയ്ക്കായി സ്ഥാപിച്ച ട്രസ്റ്റ് വഴിയാണ് ഈ സഹായം എത്തിക്കുക.( Suresh Gopi offers financial assistance to the families of those who died in the Mundathikode tragedy)
ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് സുരേഷ് ഗോപി ഈ വിവരം പങ്കുവെച്ചത്. പൂരങ്ങളെയും പൂരക്കലകളെയും ജീവശ്വാസമായി കാണുന്ന തൃശ്ശൂരിന്റെ മണ്ണിൽ, ആ കലയ്ക്കായി ജീവിതം സമർപ്പിച്ചവർക്കുണ്ടായ ഈ ദുരന്തം അങ്ങേയറ്റം വേദനയുണ്ടാക്കുന്നതാണെന്ന് അദ്ദേഹം കുറിച്ചു. കേവലം ഒരാഘോഷം എന്നതിലുപരി സാംസ്കാരിക പൈതൃകം കാത്തുസൂക്ഷിക്കുന്നവരോടുള്ള സാമൂഹിക ഉത്തരവാദിത്തം നിറവേറ്റേണ്ടത് അനിവാര്യമാണെന്ന് അദ്ദേഹം വ്യക്തമാക്കി.
നഷ്ടപ്പെട്ട പ്രിയപ്പെട്ടവർക്ക് പകരമാവില്ല ഈ സഹായമെങ്കിലും, തകർന്നുപോയ ആ ജീവിതങ്ങൾക്ക് ചെറിയൊരു ആശ്വാസമേകാൻ ഈ എളിയ കരുതൽ ഉപകരിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു, സുരേഷ് ഗോപി കുറിച്ചു. പ്രതിസന്ധി ഘട്ടങ്ങളിൽ തൃശ്ശൂരിനെ സ്നേഹിക്കുന്ന സുമനസ്സുകളുടെ സഹായഹസ്തം ആ കുടുംബങ്ങൾക്ക് കൂട്ടുണ്ടാകുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. സാംസ്കാരിക കേരളത്തെ ഒന്നടങ്കം നടുക്കിയ മുണ്ടത്തിക്കോട് സ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം 14 ആയി ഉയർന്നിരുന്നു.

