തിരുവനന്തപുരം: കടുത്ത ചൂടിന് ആശ്വാസമായി സംസ്ഥാനത്ത് വേനൽമഴ സജീവമാകുന്നു. വരും ദിവസങ്ങളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. മഴ ലഭിച്ചു തുടങ്ങിയതോടെ സംസ്ഥാനത്തെ ഉയർന്ന താപനിലയിൽ നേരിയ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്.(Summer rains intensify in Kerala, Yellow alert in 3 districts today)
മെയ് 2 വരെ സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്നാണ് പ്രവചനം. വരും ദിവസങ്ങളിലെ അലർട്ടുകൾ, ഇന്ന്: ഇടുക്കി, കണ്ണൂർ, കാസർകോട്, വെള്ളിയാഴ്ച: പത്തനംതിട്ട, ഇടുക്കി, വയനാട്, ശനിയാഴ്ച: ആലപ്പുഴ, കോട്ടയം, എറണാകുളം എന്നിങ്ങനെയാണ്. മഴയ്ക്കൊപ്പം ഉണ്ടായ ശക്തമായ കാറ്റിലും മിന്നലിലും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ഇടുക്കിയിൽ ശക്തമായ കാറ്റിൽ മരങ്ങൾ കടപുഴകി വീഴുകയും വ്യാപാര സ്ഥാപനങ്ങളുടെ മേൽക്കൂരകൾ തകരുകയും ചെയ്തു. പലയിടങ്ങളിലും കൃഷിനാശം സംഭവിച്ചതായും റിപ്പോർട്ടുകളുണ്ട്. ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.

