എസ്.പി.യുടെ രണ്ട് മക്കളും ലഹരിക്ക് അടിമകൾ, കുടുംബം തന്നെ പ്രതിസന്ധിയിലായി; കണ്ണുതുറന്ന് പരിശോധിക്കണമെന്നു കൊച്ചി കമ്മീഷണർ

കൊച്ചി: പോലീസുകാരുടെ മക്കൾക്കിടയിലുള്ള ലഹരി ഉപയോഗത്തെ കുറിച്ച് പൊതുവേദിയിൽ തുറന്നടിച്ച് കൊച്ചി കമ്മിഷണർ കെ. സേതുരാമൻ. ഒരു എസ്.പി.യുടെ രണ്ട് മക്കളും ലഹരിക്ക് അടിമകളായെനന്നായിരുന്നു അദ്ദേഹം പൊതുവേദിയിൽ പറഞ്ഞത്. ഇതോടെ ആ ഉദ്യോഗസ്ഥന്റെ കുടുംബം തന്നെ പ്രതിസന്ധിയിലായെന്നും കമ്മിഷണർ പറഞ്ഞു. അങ്കമാലിയിൽ കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു കെ. സേതുരാമൻ ഐ.പി.എസ്.

'മയക്കുമരുന്ന് വ്യാപകമായിക്കൊണ്ടിരിക്കുന്നു. അത് പോലീസ് എങ്ങനെ പരിഹരിക്കുമെന്ന് ജനങ്ങൾ ഉറ്റുനോക്കുകയാണ്. അക്കാര്യത്തിൽ കാര്യക്ഷമമായി മുന്നോട്ടുപോകണം. ദേശീയ ശരാശരിയേക്കാൾ കുറവാണ് കേരളത്തിൽ മയക്കുമരുന്ന് ഉപയോഗം. രാജ്യത്ത് 2.5 ശതമാനം ആളുകൾ മയക്കുമരുന്ന് ഉപയോഗിക്കുന്നെങ്കിൽ കേരളത്തിലത് 1.2 ശതമാനം മാത്രമാണ്. പഞ്ചാബ് പോലുള്ള അതിർത്തി സംസ്ഥാനങ്ങളിൽ 12 ശതമാനം വരെ ആളുകൾ മയക്കുമരുന്നിന് അടിമകളാണ്. അതിനാൽ വളരെ വലിയ പ്രതിസന്ധിയാണെന്ന് പറയാനാവില്ലെങ്കിലും ഉണർന്നു പ്രവർത്തിക്കേണ്ട സമയമാണിതെന്നും അദ്ദേഹം പറഞ്ഞു.