

കൊച്ചി: യുവതലമുറയെയും കുടുംബപ്രേക്ഷകരെയും ഒരുപോലെ ലക്ഷ്യമിടുന്ന ഹൊറർ-കോമഡി ചിത്രം ‘പ്രകമ്പനം’ നാളെ (ജനുവരി 30) തിയറ്ററുകളിലെത്തും. ചിത്രത്തിന്റെ അഡ്വാൻസ് ബുക്കിങ് ആരംഭിച്ച വിവരം പങ്കുവെച്ചുകൊണ്ടുള്ള പോസ്റ്റർ ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. ഗണപതി, സാഗർ സൂര്യ, അൽ അമീൻ എന്നിവർ മുഖഭാവങ്ങൾ കൊണ്ട് വിസ്മയിപ്പിക്കുന്ന വേറിട്ടൊരു പോസ്റ്ററാണ് അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്.
കണ്ണൂരിലെയും കൊച്ചിയിലെയും ഒരു മെൻസ് ഹോസ്റ്റൽ പശ്ചാത്തലമാക്കി ഒരുക്കിയിരിക്കുന്ന ചിത്രം, ഹോസ്റ്റൽ ജീവിതത്തിലെ തമാശകൾക്കിടയിലേക്ക് അപ്രതീക്ഷിതമായി കടന്നുവരുന്ന ഹൊറർ ഘടകങ്ങളെയാണ് ദൃശ്യവൽക്കരിക്കുന്നത്. ‘നദികളിൽ സുന്ദരി’ എന്ന ചിത്രത്തിന് ശേഷം വിജേഷ് പാണത്തൂർ സംവിധാനം ചെയ്യുന്ന ഈ ചിത്രം നവരസ ഫിലിംസും പ്രശസ്ത തമിഴ് സംവിധായകൻ കാർത്തിക് സുബ്ബരാജിന്റെ സ്റ്റോൺ ബെഞ്ച് സ്റ്റുഡിയോയും ചേർന്നാണ് അവതരിപ്പിക്കുന്നത്.
മല്ലിക സുകുമാരൻ, രാജേഷ് മാധവൻ, ലാൽ ജോസ് തുടങ്ങിയ വലിയൊരു താരനിര അണിനിരക്കുന്ന ചിത്രം പ്രേക്ഷകർക്ക് ചിരിയും പേടിയും ഒരുപോലെ സമ്മാനിക്കുമെന്നാണ് പ്രതീക്ഷ. ശ്രീഹരി വടക്കൻ തിരക്കഥയൊരുക്കിയ ചിത്രത്തിന്റെ സംഗീതം ബിബിൻ അശോകും പശ്ചാത്തല സംഗീതം ശങ്കർ ശർമ്മയുമാണ് നിർവ്വഹിച്ചിരിക്കുന്നത്.