

തിരുവനന്തപുരം: ഇന്ത്യ - ന്യൂസിലൻഡ് ട്വന്റി-20 പരമ്പരയിലെ ആവേശകരമായ അവസാന മത്സരത്തിനായി ഇരു ടീമുകളും തലസ്ഥാനത്തെത്തി. പ്രത്യേക ചാർട്ടേഡ് വിമാനത്തിൽ എത്തിയ താരങ്ങളെ കേരള ക്രിക്കറ്റ് അസോസിയേഷൻ (KCA) ട്രഷറർ ടി. അജിത്ത് കുമാറിന്റെ നേതൃത്വത്തിൽ സ്വീകരിച്ചു.
തങ്ങളുടെ പ്രിയ താരങ്ങളെ ഒരു നോക്ക് കാണാൻ വൻ ആരാധകക്കൂട്ടമാണ് തിരുവനന്തപുരം വിമാനത്താവളത്തിന് പുറത്ത് തടിച്ചുകൂടിയത്. സഞ്ജു സാംസൺ അടക്കമുള്ള ഇന്ത്യൻ താരങ്ങൾക്കും കിവി നിരയ്ക്കും ഹർഷാരവങ്ങളോടെയാണ് ആരാധകർ വരവേൽപ്പ് നൽകിയത്. കനത്ത പോലീസ് സുരക്ഷയിലാണ് താരങ്ങളെ വിമാനത്താവളത്തിന് പുറത്തെത്തിച്ചത്.
ഇന്ത്യൻ ടീം: കോവളത്തെ ലീലാ റാവിസ് (Leela Raviz) ഹോട്ടലിലാണ് ഇന്ത്യൻ താരങ്ങൾക്ക് താമസസൗകര്യം ഒരുക്കിയിരിക്കുന്നത്.
ന്യൂസിലൻഡ് ടീം: ഹയാത്ത് റീജൻസിയിലാണ് സന്ദർശക ടീം താമസിക്കുന്നത്.
വിമാനത്താവളം മുതൽ ഹോട്ടലുകൾ വരെയും സ്റ്റേഡിയം പരിസരത്തും കനത്ത സുരക്ഷാ വലയത്തിലാണ് നഗരം. ശനിയാഴ്ച വൈകുന്നേരം ഏഴ് മണിക്ക് കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്.
മത്സരത്തിനുള്ള ടിക്കറ്റ് വിൽപ്പന അവസാന ഘട്ടത്തിലാണ്. പിച്ചും ഔട്ട്ഫീൽഡും രാജ്യാന്തര നിലവാരത്തിൽ സജ്ജമാണെന്ന് കെ.സി.എ അധികൃതർ അറിയിച്ചു. വ്യാഴം, വെള്ളി ദിവസങ്ങളിൽ ഇരു ടീമുകളും സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങും.