ക്രിക്കറ്റ് ആവേശം കാര്യവട്ടത്തേക്ക്! പാർക്കിംഗ് ഓർത്ത് പേടി വേണ്ട!

ക്രിക്കറ്റ് ആവേശം കാര്യവട്ടത്തേക്ക്! പാർക്കിംഗ് ഓർത്ത് പേടി വേണ്ട!
Updated on

തിരുവനന്തപുരം: ജനുവരി 31-ന് കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കുന്ന ഇന്ത്യ - ന്യൂസിലാന്റ് ക്രിക്കറ്റ് മത്സരത്തോടനുബന്ധിച്ച് കാണികൾക്കായി വിപുലമായ പാർക്കിംഗ് സൗകര്യങ്ങളും ഗതാഗത ക്രമീകരണങ്ങളും ഏർപ്പെടുത്തിയതായി കേരള ക്രിക്കറ്റ് അസോസിയേഷൻ (KCA) അറിയിച്ചു. മത്സരം കാണാൻ എത്തുന്നവരുടെ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനായി വിവിധ ഇടങ്ങളിലായി വിപുലമായ ഗ്രൗണ്ടുകൾ സജ്ജീകരിച്ചിട്ടുണ്ട്.

നാലുചക്ര വാഹനങ്ങളുമായി എത്തുന്നവർക്ക് എൽ.എൻ.സി.പി.ഇ ഗ്രൗണ്ട്, കാര്യവട്ടം ഗവൺമെന്റ് കോളേജ്, കാര്യവട്ടം യൂണിവേഴ്സിറ്റി ക്യാമ്പസ് എന്നിവിടങ്ങളിൽ പാർക്കിംഗ് സൗകര്യം ലഭ്യമാണ്. ആറ്റിങ്ങൽ, പോത്തൻകോട് ഭാഗങ്ങളിൽ നിന്ന് വരുന്നവർ കഴക്കൂട്ടം അൽസാജ് കൺവെൻഷൻ സെന്ററിലെ പാർക്കിംഗ് ഉപയോഗിക്കേണ്ടതാണ്. ചാക്ക ഭാഗത്ത് നിന്ന് വരുന്നവർക്ക് ലുലു മാൾ, സമീപമുള്ള വേൾഡ് മാർക്കറ്റ്, കരിക്കകം ക്ഷേത്രം എന്നിവിടങ്ങളിൽ വാഹനങ്ങൾ പാർക്ക് ചെയ്യാം. അൽസാജ്, ലുലു മാൾ, വേൾഡ് മാർക്കറ്റ് എന്നിവിടങ്ങളിൽ പാർക്ക് ചെയ്യുന്നവർക്കായി സ്റ്റേഡിയത്തിലേക്ക് കെ.സി.എ സൗജന്യ ടേമ്പോ ട്രാവലർ അല്ലെങ്കിൽ ഷട്ടിൽ സർവീസുകൾ ഏർപ്പെടുത്തിയിട്ടുണ്ട്.തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി കാറുകളിൽ പരമാവധി ആളുകളെ ഉൾപ്പെടുത്താൻ ശ്രദ്ധിക്കേണ്ടതാണ്.ഇരുചക്ര വാഹനങ്ങൾക്കായി സ്റ്റേഡിയത്തിന് മുൻവശത്തുള്ള പ്രത്യേക പാർക്കിംഗ് ഇടം മാത്രമാണ് അനുവദിച്ചിരിക്കുന്നത്. മത്സരദിവസം ഉച്ചയ്ക്ക് 2 മണി മുതൽ പാർക്കിംഗ് ഗ്രൗണ്ടുകൾ പ്രവർത്തിച്ചു തുടങ്ങും.

ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനായി കാണികൾ കഴിവതും സ്വകാര്യ വാഹനങ്ങൾ ഒഴിവാക്കി കെ.എസ്.ആർ.ടി.സി സ്പെഷ്യൽ സർവീസുകളോ മറ്റ് പൊതുഗതാഗത സംവിധാനങ്ങളോ ഉപയോഗിക്കണമെന്ന് കെ.സി.എ അഭ്യർത്ഥിച്ചു. ഉച്ചയ്ക്ക് 2 മണി മുതൽ സ്റ്റേഡിയം പരിസരത്ത് കർശന നിയന്ത്രണങ്ങൾ ഉണ്ടായിരിക്കും. ടിക്കറ്റുള്ള കാണികളെ മാത്രമേ കാര്യവട്ടം ഭാഗത്തേക്ക് കടത്തിവിടുകയുള്ളൂ. തിരുവനന്തപുരത്ത് നിന്ന് ആറ്റിങ്ങൽ ഭാഗത്തേക്ക് പോകുന്നവർ വെട്ടുറോഡ് വഴി തീരദേശ റോഡ് ഉപയോഗിക്കണം. ശ്രീകാര്യം ഭാഗത്ത് നിന്ന് വരുന്നവർ ചാവടിമുക്ക് - കുളത്തൂർ വഴി പോകേണ്ടതാണ്. കൂടാതെ ചെങ്കോട്ടുകോണം - കാര്യവട്ടം റൂട്ടിലും അന്നേദിവസം ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കും

Related Stories

No stories found.
Times Kerala
timeskerala.com