തിരുവനന്തപുരം: ബലാത്സംഗക്കേസിൽ അറസ്റ്റിലായ രാഹുൽ മാങ്കൂട്ടത്തിലിനെ എം.എൽ.എ സ്ഥാനത്ത് നിന്ന് അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ടുള്ള പരാതിയിൽ നിയമസഭാ പ്രിവിലേജ് ആൻഡ് എത്തിക്‌സ് കമ്മിറ്റി ഫെബ്രുവരി രണ്ടിന് വാദം കേൾക്കും. ഡി.കെ. മുരളി എം.എൽ.എ നൽകിയ പരാതിയിലാണ് നടപടി.
സഭാ ചട്ടങ്ങൾ പ്രകാരം ഇത്തരമൊരു സംഭവം മുൻപ് ഉണ്ടാകാത്തതിനാൽ നിയമസഭാ സെക്രട്ടേറിയറ്റ് വിഷയത്തിൽ വിദഗ്ദ്ധ നിയമോപദേശം തേടിയിരുന്നു. നിലവിൽ ബലാത്സംഗ പരാതികളെ തുടർന്ന് രാഹുലിനെ കോൺഗ്രസ് പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കിയിട്ടുണ്ട്. എന്നാൽ അദ്ദേഹം എം.എൽ.എ സ്ഥാനത്ത് തുടരുന്നത് സഭയുടെ അന്തസ്സിന് നിരക്കാത്തതാണെന്നാണ് പരാതിയിലെ പ്രധാന വാദം.
കഴിഞ്ഞ ദിവസം ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ രാഹുലിനെതിരെ സഭയ്ക്കുള്ളിൽ വലിയ പ്രതിഷേധം ഉയരാൻ സാധ്യതയുണ്ട്. തിങ്കളാഴ്ച സഭ വീണ്ടും സമ്മേളിക്കുമ്പോൾ ഈ വിഷയം പ്രതിപക്ഷം എങ്ങനെ നേരിടുമെന്നതും നിർണ്ണായകമാണ്. എത്തിക്‌സ് കമ്മിറ്റിയുടെ റിപ്പോർട്ട് ലഭിച്ച ശേഷമേ അയോഗ്യത ഉൾപ്പെടെയുള്ള കാര്യങ്ങളിൽ സ്പീക്കർ അന്തിമ തീരുമാനമെടുക്കൂ.