സോളാർ പീഡനക്കേസിലെ ഗൂഢാലോചന: ഗണേഷ് കുമാറിനെതിരെ യുഡിഎഫ് സമരത്തിലേക്ക്

തിരുവനന്തപുരം: സോളാർ പീഡനക്കേസിലെ ഗൂഢാലോചനയിൽ കെ ബി ഗണേഷ് കുമാറിന് എതിരെ യുഡിഎഫ്. ഗണേഷ് കുമാറിനെതിരെ പ്രത്യക്ഷ സമരത്തിലേക്ക് പോകാനാണ് യുഡിഎഫ് തീരുമാനം. കോൺഗ്രസ് ഒറ്റയ്ക്ക് സമരം ഏറ്റെടുക്കുന്നതിന് പകരം യുഡിഎഫ് എന്ന നിലയിലാണ് ഗണേഷ് കുമാറിനെതിരായ സമരം സംഘടിപ്പിക്കും.

ഓഗസ്റ്റ് 18ന് ഗണേഷ് കുമാറിന്റെ ഓഫീസിലേക്ക് യുഡിഎഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മാർച്ച് നടത്തും. ഗണേഷ് കുമാർ എംഎൽഎ സ്ഥാനം രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് പ്രക്ഷോഭം ശക്തിപ്പെടുത്താനാണ് യുഡിഎഫ് തീരുമാനം. ഗണേഷ് കുമാറിന് എതിരെ നിയമനടപടി സ്വീകരിക്കാനും യുഡിഎഫ് തീരുമാനിച്ചിട്ടുണ്ട്.
ഇതേപ്പറ്റി നിയമ വിദഗ്ദ്ധരുമായി ആലോചിച്ച ശേഷം തുടർനടപടികൾ സ്വീകരിക്കും. സോളാർ കേസിൽ ഉമ്മൻചാണ്ടിക്ക് എതിരെയുള്ള ഗൂഢാലോചനയുടെ മുഖ്യ ആസൂത്രകൻ ഗണേഷ് കുമാറാണെന്ന ആരോപണത്തിൽ ഉറച്ചു നിൽക്കുകയാണ് യുഡിഎഫ്. മന്ത്രിസഭാ പുനസംഘടനയിൽ ഗണേഷ് കുമാർ മന്ത്രിയാകുമെന്ന് ഏതാണ്ട് ഉറപ്പായതോടെയാണ് ഗണേഷ് കുമാറിനെതിരായ നിലപാട്
യുഡിഎഫ് കടുപ്പിക്കുന്നത്.