

തിരുവനന്തപുരം: സർക്കാർ ഹോമിൽനിന്ന് ഒളിച്ചോടിയ കുട്ടികളെ പോലീസുകാരനാണെന്ന് പറഞ്ഞ് തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ പ്രതിക്ക് ശിക്ഷ വിധിച്ച് കോടതി. പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ഭയപ്പെടുത്തി പീഡിപ്പിച്ച കേസിലാണ് വിഷ്ണു എന്ന 35-കാരനെ അതിവേഗ കോടതി ജഡ്ജി അഞ്ജു മീര ബിർള ശിക്ഷിച്ചത്. തടവിന് പുറമെ 65,000 രൂപ പിഴയും ഇയാൾക്ക് ചുമത്തിയിട്ടുണ്ട്.
2022 നവംബർ 5-നാണ് കേസിനാസ്പദമായ സംഭവം. സർക്കാർ ഹോമിൽ നിന്ന് ഒളിച്ചോടിയ രണ്ട് പെൺകുട്ടികളെ മെഡിക്കൽ കോളേജ് ഗ്രൗണ്ടിൽ വെച്ചാണ് പ്രതി കണ്ടത്. താൻ പോലീസുകാരനാണെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച പ്രതി, കുട്ടികളെ ഭീഷണിപ്പെടുത്തി സ്കൂട്ടറിൽ കയറ്റി അടുത്തുള്ള ലോഡ്ജിലേക്ക് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.
ഹോമിൽ നിന്ന് ഒളിച്ചോടിയ സംഭവത്തിൽ നടപടികളിൽ നിന്ന് ഒഴിവാക്കി നൽകാമെന്ന് പറഞ്ഞാണ് പ്രതി പെൺകുട്ടികളെ കൂട്ടിക്കൊണ്ടു പോയത്. പീഡിപ്പിച്ച ശേഷം പിറ്റേ ദിവസം രാവിലെ കുട്ടികളെ ജംഗ്ഷനിൽ ഇറക്കി വിട്ട് ഇയാൾ രക്ഷപ്പെടുകയായിരുന്നു. കുട്ടികളെ കാണാതായതിനെ തുടർന്ന് ഹോം അധികൃതർ പൂജപ്പുര പോലീസിൽ പരാതി നൽകിയിരുന്നു. മ്യൂസിയത്തിന് സമീപത്ത് വെച്ച് പോലീസ് കുട്ടികളെ കണ്ടെത്തിയപ്പോഴാണ് പീഡന വിവരം പുറത്തറിയുന്നത്.
പ്രതിയിൽ നിന്ന് ഈടാക്കുന്ന പിഴത്തുക ഇരയായ കുട്ടിക്ക് നൽകണം. കൂടാതെ, ലീഗൽ സർവീസ് അതോറിറ്റി വഴി കുട്ടികൾക്ക് അധിക നഷ്ടപരിഹാരം നൽകാനും കോടതി ഉത്തരവിട്ടു.
പ്രോസിക്യൂഷൻ 21 സാക്ഷികളെ വിസ്തരിക്കുകയും 42 രേഖകളും എട്ട് തൊണ്ടിമുതലുകളും ഹാജരാക്കുകയും ചെയ്തു. അഡ്വ. ആർ.എസ്. വിജയ് മോഹൻ പ്രോസിക്യൂഷന് വേണ്ടി ഹാജരായി. പൂജപ്പുര, മെഡിക്കൽ കോളേജ് പോലീസ് ഉദ്യോഗസ്ഥർ സംയുക്തമായാണ് കേസിൽ അന്വേഷണം നടത്തിയത്. കുട്ടികളുടെ സംരക്ഷണ ചുമതലയുള്ള സർക്കാർ സംവിധാനങ്ങളിൽ നിന്ന് പുറത്തുകടന്നവർ ഇത്തരത്തിൽ ചൂഷണത്തിന് ഇരയായത് വലിയ ഗൗരവത്തോടെയാണ് കോടതി കണ്ടത്.