

തിരുവനന്തപുരം: ഡിസംബറിന്റെ കുളിരിലേക്കാണ് നക്ഷത്രക്കണ്ണുകളുള്ള ആ കുരുന്നു രാജകുമാരൻ വിരുന്നെത്തിയത്. ഞായറാഴ്ച രാത്രി 9.40-ഓടെയാണ് സമിതിയുടെ തൈക്കാടുള്ള അമ്മത്തൊട്ടിലിൽ കുഞ്ഞിനെ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്. പുതുജീവിതത്തിലേക്ക് ചുവടുവെച്ച ഈ കുഞ്ഞിന് 'ലിയോ' എന്നാണ് ശിശുക്ഷേമ സമിതി പേരിട്ടിരിക്കുന്നത്. ധൈര്യത്തിന്റെയും ശക്തിയുടെയും പ്രതിരൂപം എന്ന അർത്ഥത്തിലാണ് ഈ പേര് നൽകിയതെന്ന് സംസ്ഥാന ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി അഡ്വ. ജി.എൽ. അരുൺ ഗോപി അറിയിച്ചു.
3.245 കിലോഗ്രാം ഭാരമുള്ള കുഞ്ഞിനെ സമിതിയിലെ നഴ്സുമാരും ജീവനക്കാരും ചേർന്ന് ഏറ്റുവാങ്ങി പ്രാഥമിക ശുശ്രൂഷകൾ നൽകി. തുടർന്ന് തൈക്കാട് സർക്കാർ കുട്ടികളുടെയും സ്ത്രീകളുടെയും ആശുപത്രിയിൽ എത്തിച്ചു. ഡോക്ടർമാരുടെ പരിശോധനയിൽ കുഞ്ഞ് പൂർണ്ണ ആരോഗ്യവാനാണെന്ന് സ്ഥിരീകരിച്ചു.
ഒക്ടോബർ മുതൽ ഡിസംബർ വരെയുള്ള മൂന്ന് മാസത്തിനിടെ തിരുവനന്തപുരത്ത് മാത്രം 10 കുട്ടികളെയാണ് (6 ആൺകുട്ടികൾ, 4 പെൺകുട്ടികൾ) അമ്മത്തൊട്ടിലിൽ ലഭിച്ചത്. കുട്ടിയുടെ ദത്തെടുക്കൽ നടപടികൾ ഉടൻ ആരംഭിക്കുമെന്നും കുഞ്ഞിന്മേൽ അവകാശവാദമുള്ളവർ ആരെങ്കിലും ഉണ്ടെങ്കിൽ അടിയന്തരമായി സമിതിയുമായി ബന്ധപ്പെടണമെന്നും ജനറൽ സെക്രട്ടറി വാർത്താകുറിപ്പിൽ വ്യക്തമാക്കി.