

കണ്ണൂർ: രാമന്തളിയിൽ അച്ഛനും അമ്മയും രണ്ട് കുഞ്ഞുങ്ങളും മരിച്ച നിലയിൽ. രാമന്തളി സ്വദേശി കെ.ടി. കലാധരൻ (38), അമ്മ ഉഷ (60), കലാധരന്റെ മക്കളായ ഹിമ (5), കണ്ണൻ (2) എന്നിവരെയാണ് ഇന്ന് രാത്രി എട്ടു മണിയോടെ മരിച്ച നിലയിൽ കണ്ടെത്തിയത്. കലാധരനെയും ഉഷയെയും വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. അഞ്ചും രണ്ടും വയസ്സുള്ള കുഞ്ഞുങ്ങളുടെ മൃതദേഹങ്ങൾ നിലത്ത് കിടക്കുന്ന നിലയിലായിരുന്നു.
കുട്ടികൾക്ക് വിഷം നൽകിയോ ശ്വാസം മുട്ടിച്ചോ കൊലപ്പെടുത്തിയ ശേഷം മുതിർന്നവർ ജീവനൊടുക്കിയതാകാമെന്നാണ് പോലീസ് സംശയിക്കുന്നത്. പയ്യന്നൂർ പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു. മരണകാരണം വ്യക്തമാകാൻ ശാസ്ത്രീയ പരിശോധനകളും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടും ആവശ്യമാണെന്ന് പോലീസ് അറിയിച്ചു.
കുടുംബത്തിന്റെ പെട്ടെന്നുള്ള മരണവാർത്ത രാമന്തളി ഗ്രാമത്തെ ഒന്നടങ്കം ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്. സാമ്പത്തിക ബാധ്യതയോ മറ്റ് കുടുംബ പ്രശ്നങ്ങളോ മരണത്തിന് പിന്നിലുണ്ടോ എന്ന് പോലീസ് അന്വേഷിച്ചു വരികയാണ്. മൃതദേഹങ്ങൾ നാളെ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടം നടത്തും.