

തിരുവനന്തപുരം: വോട്ടർപട്ടികയിലെ താളപ്പിഴകൾ ചൂണ്ടിക്കാട്ടി തിരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ച് കേരളം. വോട്ടർ പട്ടിക പുതുക്കുന്നതുമായി ബന്ധപ്പെട്ട് ബിഎൽഒമാർ വഴി ഫോമുകൾ വിതരണം ചെയ്യുന്നതിൽ വലിയ വീഴ്ചയുണ്ടായെന്ന് ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന് അയച്ച കത്തിൽ ചൂണ്ടിക്കാട്ടുന്നു. 2.78 കോടി വോട്ടർമാരുണ്ടെങ്കിലും എല്ലാവർക്കും ഫോമുകൾ എത്തിക്കാൻ കഴിഞ്ഞിട്ടില്ല. ഡിസംബർ 18-ന് സമയം അവസാനിച്ചതോടെ ഏകദേശം 25 ലക്ഷം പേരാണ് പട്ടികയ്ക്ക് പുറത്തായത്. തിരുവനന്തപുരം ശ്രീവരാഹം 138-ാം നമ്പർ ബൂത്തിൽ 1200 വോട്ടർമാരിൽ 704 പേരെയും കണ്ടെത്താനായില്ലെന്ന് രേഖപ്പെടുത്തിയത് അസ്വാഭാവികമാണെന്ന് സർക്കാർ അയച്ച കത്തിൽ ചൂണ്ടിക്കാട്ടി. പല ബൂത്തുകളിലും ഇത്തരത്തിൽ വോട്ടർമാരുടെ എണ്ണത്തിൽ വൻ കുറവുണ്ട്.
യുവ വോട്ടർമാരെ (2002-ന് ശേഷം വോട്ടവകാശം ലഭിച്ചവർ) ബന്ധുക്കളുമായി ബന്ധിപ്പിക്കുന്ന 'മാപ്പിങ്' പ്രക്രിയ പൂർത്തിയായിട്ടില്ല.
വിതരണം ചെയ്യാൻ കഴിയാത്ത ഫോമുകളുടെയും മാപ്പിങ് പൂർത്തിയാകാത്ത വോട്ടർമാരുടെയും പട്ടിക ബൂത്ത് അടിസ്ഥാനത്തിൽ അടിയന്തരമായി പ്രസിദ്ധീകരിക്കണമെന്നും കത്തിൽ ആവശ്യപ്പെടുന്നു.
എന്യൂമറേഷൻ ഫോമുകൾ സമർപ്പിക്കുന്നതിനുള്ള തീയതി കുറഞ്ഞത് രണ്ടാഴ്ചയെങ്കിലും നീട്ടി നൽകണം. അർഹരായ എല്ലാ വോട്ടർമാരുടെയും പരാതികൾ പരിശോധിച്ച് കുറ്റമറ്റ പട്ടിക ഉറപ്പാക്കാൻ അവസരം നൽകണം. ഒഴിവാക്കപ്പെട്ടവരുടെ വിവരങ്ങൾ രാഷ്ട്രീയ കക്ഷികൾക്ക് പരിശോധനയ്ക്കായി ലഭ്യമാക്കണമെന്നും കത്തിൽ പറയുന്നു.
ഇതേ വിഷയത്തിൽ രാഷ്ട്രീയ പാർട്ടികൾക്ക് പുറമെ സുപ്രീം കോടതിയും തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിട്ടുണ്ട് എന്നത് വിഷയത്തിന്റെ ഗൗരവം വർദ്ധിപ്പിക്കുന്നു.