തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം കോർപ്പറേഷൻ ഭരണം നഷ്ടമായതിന് പ്രധാന കാരണം ഭരണസമിതിയുടെ തെറ്റായ പ്രവർത്തനങ്ങളാണെന്ന് സിപിഎം ജില്ലാ കമ്മിറ്റിയുടെ വിലയിരുത്തൽ. മുൻ മേയർ ആര്യാ രാജേന്ദ്രന്റെ പല ഇടപെടലുകളും ജനങ്ങളെ കോർപ്പറേഷൻ ഭരണത്തിന് എതിരാക്കി. ആര്യയെ മുൻനിർത്തി പ്രചാരണം നടത്തുന്നത് ഗുണകരമാകില്ലെന്ന വിലയിരുത്തലിൽ അവർ പ്രചാരണരംഗത്ത് സജീവമായിരുന്നില്ല. കോർപ്പറേഷൻ ഭരണത്തെ വേണ്ടവിധം നിയന്ത്രിക്കാൻ പാർട്ടി നേതൃത്വത്തിന് കഴിഞ്ഞില്ല. ഇത് ഭരണസമിതിയുടെ ഏകപക്ഷീയമായ തീരുമാനങ്ങളിലേക്ക് നയിച്ചു- തുടങ്ങിയ വിമർശനങ്ങളും യോഗത്തിൽ ഉയർന്നു.
കോർപ്പറേഷനിലെ തോൽവിക്ക് മറ്റൊരു കാരണം തെറ്റായ സ്ഥാനാർത്ഥി നിർണ്ണയമാണെന്നും, വോട്ടർമാരെ പോളിംഗ് ബൂത്തിലെത്തിക്കുന്നതിൽ സംഘടനാ സംവിധാനം പരാജയപ്പെട്ടുവെന്നും വിമർശനമുയർന്നു. തിരഞ്ഞെടുപ്പ് വേളയിലുണ്ടായ ശബരിമല സംബന്ധമായ വിവാദങ്ങൾ നഗരമേഖലകളിൽ ഇടതുമുന്നണിക്ക് തിരിച്ചടിയായതായും യോഗം വിലയിരുത്തി.
ജില്ലാ കമ്മിറ്റിയിൽ കടുത്ത വിമർശനങ്ങൾ ഉയർന്നപ്പോഴും, സംസ്ഥാനതലത്തിൽ വലിയ തിരിച്ചടി നേരിട്ടിട്ടില്ലെന്നായിരുന്നു സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ നിലപാട്. 2010-ലെ കണക്കുകൾ നിരത്തിയാണ് തിരഞ്ഞെടുപ്പ് ഫലത്തെ അദ്ദേഹം പ്രതിരോധിച്ചത്. എന്നിരുന്നാലും, തലസ്ഥാന നഗരത്തിലെ ഭരണം നഷ്ടപ്പെട്ടത് പാർട്ടിക്കുള്ളിൽ വലിയ അസ്വസ്ഥതകൾക്ക് കാരണമായിട്ടുണ്ട്.
ഭരണസമിതിയുടെ വീഴ്ചകൾ തുറന്നുസമ്മതിച്ചുകൊണ്ട് തിരിച്ചുപിടിക്കാനുള്ള നടപടികളിലേക്ക് പാർട്ടി നീങ്ങണമെന്ന ആവശ്യമാണ് ഭൂരിഭാഗം അംഗങ്ങളും ഉന്നയിച്ചത്.