

തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ തിരഞ്ഞെടുപ്പ് ഫലത്തിന്റെ ഔദ്യോഗിക വോട്ട് വിഹിതം പരിശോധിക്കുമ്പോൾ നേട്ടം യുഡിഎഫിന്. 29.17 ശതമാനം വോട്ട് വിഹിതവുമായി കോൺഗ്രസ് ഒന്നാം സ്ഥാനത്തെത്തി.
പാർട്ടികളുടെ വോട്ട് വിഹിതം (സംസ്ഥാനാടിസ്ഥാനത്തിൽ):
രാഷ്ട്രീയ പാർട്ടി- വോട്ട് വിഹിതം (%)
കോൺഗ്രസ് - 29.17
സിപിഎം - 27.16
ബിജെപി - 14.76
മുസ്ലിം ലീഗ് - 9.77
സിപിഐ - 5.58
തൃശൂർ മുതൽ തിരുവനന്തപുരം വരെയുള്ള 8 ജില്ലകളിൽ 30 ശതമാനത്തിലേറെ വോട്ട് വിഹിതം നേടാൻ കോൺഗ്രസിന് സാധിച്ചു. വടക്കൻ ജില്ലകളിൽ വിജയിച്ചെങ്കിലും വോട്ട് വിഹിതം 30 ശതമാനത്തിന് താഴെയാണ്. കണ്ണൂർ, പാലക്കാട് എന്നീ രണ്ട് ജില്ലകളിൽ മാത്രമാണ് സിപിഎമ്മിന് 30 ശതമാനത്തിന് മുകളിൽ വോട്ട് ലഭിച്ചത്. സംസ്ഥാനാടിസ്ഥാനത്തിൽ രണ്ടാം സ്ഥാനത്താണ് പാർട്ടി.
അതേസമയം , തിരുവനന്തപുരം ജില്ലയിൽ മാത്രമാണ് ബിജെപിക്ക് 20 ശതമാനത്തിന് മുകളിൽ വോട്ട് വിഹിതമുള്ളത്. കോർപ്പറേഷനിലെ മികച്ച വിജയമാണ് ഇതിന് സഹായിച്ചത്. എന്നാൽ മറ്റ് ജില്ലകളിൽ പാർട്ടിക്ക് കാര്യമായ വോട്ട് വിഹിതം വർദ്ധിപ്പിക്കാനായില്ല. മലപ്പുറം ഉൾപ്പെടെയുള്ള ജില്ലകളിൽ വൻ വിജയം നേടിയെങ്കിലും സംസ്ഥാനത്തെ ആകെ വോട്ട് വിഹിതത്തിൽ 9.77 ശതമാനമാണ് ലീഗിനുള്ളത്.
തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഈ കണക്കുകൾ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി രാഷ്ട്രീയ പാർട്ടികൾക്ക് തങ്ങളുടെ സ്വാധീനമേഖലകൾ വിലയിരുത്താൻ നിർണ്ണായകമാകും.