കൊച്ചി: രാജ്യത്ത് ഡിജിറ്റൽ പേയ്മെന്റുകളുടെ ഉപയോഗം വൻതോതിൽ വർധിച്ചതോടെ ഓൺലൈൻ സാമ്പത്തിക ഇടപാടുകളും കൂടുതൽ വ്യാപകമായിട്ടുണ്ട് (SMS fraud). അതിനൊപ്പം തന്നെ വ്യാജ ടെക്സ്റ്റ് മെസേജുകൾ ഉപയോഗിച്ചുള്ള സാമ്പത്തിക തട്ടിപ്പുകളും ഉയരുകയാണ്. ഭയം, അടിയന്തര സാഹചര്യം, സമ്മാന വാഗ്ദാനം തുടങ്ങിയ വികാരങ്ങളെ ചൂഷണം ചെയ്ത് ആളുകളെ കബളിപ്പിക്കുകയാണ് തട്ടിപ്പുകാർ പ്രധാനമായും ചെയ്യുന്നത്.
ടെക്സ്റ്റ് മെസേജ് തട്ടിപ്പ് എന്താണ്?
ബാങ്ക്, സർക്കാർ സ്ഥാപനം, ടെലികോം കമ്പനി, കൂറിയർ സേവനം തുടങ്ങിയ വിശ്വസനീയ സ്ഥാപനങ്ങളുടെ പേരിൽ എത്തുന്ന വ്യാജ എസ്.എം.എസ് സന്ദേശങ്ങളിലൂടെ വ്യക്തിഗത വിവരങ്ങളോ ബാങ്ക് വിവരങ്ങളോ പണമോ തട്ടിയെടുക്കുന്ന രീതിയെയാണ് ടെക്സ്റ്റ് മെസേജ് തട്ടിപ്പ് എന്ന് പറയുന്നത്. സന്ദേശങ്ങൾ യഥാർഥമെന്ന് തോന്നുന്ന രീതിയിൽ തയ്യാറാക്കുന്നതിനാൽ പലരും എളുപ്പത്തിൽ വലയിലാകുന്നു.
തട്ടിപ്പുകാർ ലക്ഷ്യമിടുന്ന പ്രധാന കാര്യങ്ങൾ
തട്ടിപ്പിന് ഇരയാകുന്നവരെ വ്യാജ വെബ്‌സൈറ്റുകളിലേക്ക് നയിക്കുന്ന ലിങ്കുകളിൽ ക്ലിക്ക് ചെയ്യിക്കാൻ ശ്രമിക്കുകയാണ് ആദ്യഘട്ടം. കൂടാതെ വ്യാജ കസ്റ്റമർ കെയർ നമ്പറുകളിൽ വിളിപ്പിക്കൽ, സംശയാസ്പദമായ ആപ്പുകളോ ഫയലുകളോ ഡൗൺലോഡ് ചെയ്യിക്കൽ, ഒ.ടി.പി., യു.പി.ഐ പിൻ, പാസ്‌വേഡ് തുടങ്ങിയ രഹസ്യ വിവരങ്ങൾ കൈപ്പറ്റൽ, വ്യാജ പണമിടപാട് സന്ദേശങ്ങൾ കാണിച്ച് മറ്റൊരു അക്കൗണ്ടിലേക്ക് പണം അയപ്പിക്കൽ എന്നിവയും സാധാരണയായി ഉപയോഗിക്കുന്ന തന്ത്രങ്ങളാണ്.
വിശ്വാസം നേടാൻ ഉപയോഗിക്കുന്ന തന്ത്രങ്ങൾ
സോഷ്യൽ എഞ്ചിനീയറിംഗ് രീതികളിലൂടെ ആളുകളുടെ വിശ്വാസം നേടിയെടുക്കുകയാണ് തട്ടിപ്പുകാരുടെ പ്രധാന ലക്ഷ്യം. അക്കൗണ്ട് ബ്ലോക്ക് ചെയ്യപ്പെടുമെന്നോ, കെവൈസി പുതുക്കിയില്ലെങ്കിൽ സേവനം നിർത്തിവെയ്ക്കുമെന്നോ, റീഫണ്ടോ സമ്മാനമോ ലഭിച്ചെന്നോ അറിയിച്ച് ഉടൻ നടപടി സ്വീകരിക്കാൻ സമ്മർദ്ദം സൃഷ്ടിക്കാറുണ്ട്. ചിന്തിക്കാനോ പരിശോധിക്കാനോ സമയം നൽകാതെ തീരുമാനമെടുക്കാൻ ആളുകളെ പ്രേരിപ്പിക്കുന്നതാണ് ഇവരുടെ രീതി.
സുരക്ഷിതരാകാൻ ചെയ്യേണ്ടത്
ലഭിക്കുന്ന ഓരോ സന്ദേശവും ശ്രദ്ധാപൂർവം പരിശോധിക്കുകയും ഔദ്യോഗിക വെബ്‌സൈറ്റ്, മൊബൈൽ ആപ്പ്, അല്ലെങ്കിൽ സ്ഥാപനത്തിന്റെ കസ്റ്റമർ കെയർ വഴി വിവരങ്ങളുടെ ആധികാരികത ഉറപ്പാക്കുകയും വേണം. ഔദ്യോഗിക ആപ്പ് സ്റ്റോറുകളിൽ നിന്ന് മാത്രം ആപ്പുകൾ ഡൗൺലോഡ് ചെയ്യുക. ഒ.ടി.പി., യു.പി.ഐ പിൻ, പാസ്‌വേഡ് തുടങ്ങിയ രഹസ്യ വിവരങ്ങൾ ഒരിക്കലും മറ്റാരുമായും പങ്കിടരുത്. പരിചയമില്ലാത്ത ലിങ്കുകളിൽ ക്ലിക്ക് ചെയ്യുന്നതും സംശയാസ്പദമായ ഫയലുകൾ ഡൗൺലോഡ് ചെയ്യുന്നതും ഒഴിവാക്കണം. അക്കൗണ്ടിലേക്ക് പണം ലഭിച്ചതായി സന്ദേശം ലഭിച്ചാൽ ബാങ്ക് സ്റ്റേറ്റ്‌മെന്റ് പരിശോധിച്ച് തുക യഥാർഥത്തിൽ ക്രെഡിറ്റ് ചെയ്തിട്ടുണ്ടെന്ന് ഉറപ്പാക്കുകയും വേണം.
തട്ടിപ്പ് ശ്രദ്ധയിൽപ്പെട്ടാൽ റിപ്പോർട്ട് ചെയ്യുക
സംശയാസ്പദമായ സന്ദേശങ്ങൾ, ഫോൺ നമ്പറുകൾ, സ്ക്രീൻഷോട്ടുകൾ എന്നിവ തെളിവായി സൂക്ഷിക്കുന്നത് അന്വേഷണത്തിന് സഹായകരമാണ്. സാമ്പത്തിക തട്ടിപ്പ് സംശയിക്കുന്ന സാഹചര്യത്തിൽ ഉടൻ ദേശീയ സൈബർ ക്രൈം ഹെൽപ്‌ലൈൻ 1930-ൽ പരാതി നൽകണം. കൂടാതെ ടെലികോം വകുപ്പിന്റെ Sanchar Saathi പോർട്ടൽ വഴിയും സംശയാസ്പദമായ നമ്പറുകൾ റിപ്പോർട്ട് ചെയ്യാൻ സാധിക്കും.
Story Summary:
Fraudsters are increasingly using fake SMS messages to trick people into revealing sensitive information or transferring money. Experts advise users to verify every message, never share OTPs or PINs, and report suspicious activity immediately.


